സ്വാഗതം...കൂട്ടുകാരെ...

ജ്വലന വേഗം കുറഞ്ഞപോലെ...തമസ്സിന് വേഗവും...ചെറിയൊരു തിരി കൊളുത്താനുള്ള എളിയൊരു ശ്രമമാണിത്...ഈ വെട്ടത്തിന്ന് വട്ടം കൂടാനെത്തിയ കൂട്ടുകാര്‍ക്ക് സ്വാഗതം...jafmanimala@gmail.com

2010, ഡിസം 1

വിടരാതെ വാടിയത്...


മിഴികളിലും

മൊഴികളിലും
വഴികളിലും
സ്വപ്നങ്ങള്‍ പൂത്തു നിറഞ്ഞു.

പൊരി വെയിലിലും
എരി തീയിലും
മങ്ങാത്ത നിറങ്ങള്‍
സ്വപ്നങ്ങളുടെതായിരുന്നു,
മഴയിലും നനഞ്ഞലിയരുതെന്നവള്‍ക്ക്
ശാഠ്യമുണ്ടായിരുന്നു.

ഹൃദയ ഭിത്തികളിലെ -
രക്തക്കറകളില്‍ വരച്ചിട്ടതുംനിറ കാഴ്ച്ചകളില്‍ നിറച്ചിട്ടതും

പകിട്ടോടെ സൂക്ഷിച്ചതും
രക്ത ബന്ധത്തിലെ
പുഴുക്കളരിക്കുമെന്നവള്‍
നിനച്ചിരുന്നില്ല...


ഒടുക്കം,

അസ്തമിക്കാനിരിക്കുന്ന-
അമ്മയുടെ തേങ്ങലും,
അച്ഛന്റെ ഭാവ മാറ്റവും
സഹ്യതയുടെ മതിലുകള്‍ ഭേദിച്ച്
ഒരു തുണ്ടം കയറില്‍
തൂങ്ങിയാടി..
തുടക്കക്കാരിയുടെ പുതുക്ക മണം
ഗന്ധിച്ചു തുടങ്ങും മുമ്പെ...


കൂട്ടുകാരുടെ കൂട്ടച്ചിരിയേക്കാള്‍
അരക്കയറിലെ കൊലച്ചിരി
അവളെ സാന്ത്വനിപ്പിച്ചു..

ഈറനണിഞ്ഞ കുട്ടിക്കണ്ണുകള്‍
ഇമ വെട്ടാതെയവളെ നോക്കി നിന്നു
കൂട്ടുകാരിയുടെ കുസൃതിയില്‍
നൊമ്പരത്തിന്റെ നേര്‍ കാഴ്ച്ച...


വിദൂരതയിലൊരു പനനീര്‍
കണ്ണുകളില്‍ നോട്ടമിട്ടിരിക്കുന്ന പോലെ..
പുഷ്പദളങ്ങളില്‍ അച്ഛന്റെ ക്രൂര മുഖം
ചോര പുരട്ടിയിരിക്കുന്നുണ്ടവണം
രക്തവരകള്‍ തീര്‍ത്ത അവളുടെ മുഖം
പുച്ഛഭാവത്തിന്റെ പൂര്‍ണ്ണതയില്‍..!!


കഴുത്തിലരിക്കുന്ന കൂനനുറുമ്പുകള്‍
പക പോക്കലിന്റെ നേര്‍ ചിത്രം പോലെ..
ഉറുമ്പുകളായി വന്ന -
ചോരയിലെ അനന്തരവര്‍ക്ക്
അവോളം ആസ്വദിക്കാന്‍
അനക്കമില്ലാതെയവള്‍ ഉറങ്ങിക്കിടന്നു
അനുസരണയോടെ....!!

2010, നവം 13

പെരുന്നാള്‍ പൊരുള്‍

വിശുദ്ധിയുടെ നിറവുകളുമായി വീണ്ടുമൊരു ബലി പെരുന്നാള്‍, ത്യാഗ സ്മരണകളുടെ അനിര്‍വ്വചനീയ അനുഭൂതിയാണ് ഈദ് അല്‍ അദ്ഹ, വിശ്വാസി ലോകം ബഹുമാനത്തോടെ എതിരേല്‍ക്കുന്ന ബലി പെരുന്നാളിന്റെ ചില വര്‍ത്തമാനങ്ങളിലൂടെ..
ജീവിത വിശുദ്ധിയുടെ നിറവാണ് ബലി പെരുന്നാളിന്റെ അകം പൊരുള്‍. പുണ്യ പ്രവാചകന്‍ ഇബ്രാഹീം (അ), മകന്‍ ഇസ്മായീല്‍(അ), പത്നി ഹാജറ (റ) ഇവരുടെ ത്യാഗ സ്മരണകള്‍ ബലി പെരുന്നാളിന്റെ ഊര്‍ജ്ജവും,ഊറ്റവുമാണ്. ദൈവം മനുഷ്യര്‍ക്ക് നല്‍കിയ രണ്ടു ആഘോഷങ്ങളില്‍ ഒന്ന് ബലി പെരുന്നളാണ് (മറ്റൊന്ന് ചെറിയ പെരുന്നാളും). 
       പ്രത്യേക സാഹചര്യങ്ങളിലൂടെ, മണല്‍ കാട്ടിലെ ജീവിതം..ദൈന്യതയുടെ നിഴലിലും ദൈനം ദിന ചര്യകളിലെ കൃത്യത..ആശാവഹ ജീവിതാന്ത്യത്തെ കുറിച്ച തികഞ്ഞ ധാരണ..ജീവന്‍ തന്നവന്‍ ദൈവമാകയാല്‍ നമ്മളുടെ പൂര്‍ണ്ണ അധികാരം അവനു തന്നെയെന്ന വിശ്വാസത്തിലെ  പൂര്‍ണ്ണത...ഇതായിരുന്നു ആ ജീവിതത്തിന്റെ സന്ദേശം. ചിലതില്‍ നിയന്ത്രണം നമ്മുടെതെന്ന മുടന്തന്‍ ന്യായത്തിനുള്ള മറുപടി കൂടിയായിരുന്നു അവര്‍. 
             പൂര്‍ണ്ണമായി അര്‍പ്പിക്കപ്പെട്ട ജീവിതം. സന്തോഷത്തിലും,സന്താപത്തിലും,ദേഷ്യത്തിലും,സഹ്യതയിലും,  സഹാനുഭുതിയിലും,സ്നേഹത്തിലും,സമ്പര്‍ക്കത്തിലും തുടങ്ങി മനുഷ്യേന്ദ്രിയങ്ങളുടെ വികാര പരതയുടെ എല്ലാ വശങ്ങളും ജീവിച്ചു പഠിപ്പിച്ച മഹാ ദര്‍ശനത്തിന്റെ ധാര്‍ഷണിക വാഹകരായിരുന്നു ഇബ്രാഹീമീ കുടുംബം. ഒരു പിതാവിന്,രക്ഷിതാവിന്,കുടുംബനാഥന്,നേതാവിന്,വിശ്വാസി
ക്ക് തുടങ്ങി മഹത് ജീവിതത്തിന്റെ സര്‍വ്വ സ്പന്ദനങ്ങള്‍ക്കും മാതൃകയായി ഇബ്രാഹീം (അ).ഒരു മകന്‍ എന്ന നിലയിലും, അതിലുപരി ക്രാന്തദര്‍ശിയായ പിതാവിനെ അക്ഷരം പ്രതി അനുസരിക്കുന്ന മകന്‍ എന്ന രീതിയിലും, ഉമ്മയുടെ വേവുകളെ, നൊമ്പരങ്ങളെ തെളി നീരിന്റെ ആനന്ദാശ്രുക്കളായി പൊഴിച്ച പുന്നാര മകന്‍ എന്ന നിലയിലും, ജീവന്‍ വെടിയേണ്ടി വന്നാലും അനുസരണയില്‍ വിട്ടു വീഴ്ച്ചയില്ലെന്നു പ്രഖ്യാപിച്ചും കുരുന്നു ലോകത്തെ വിസ്മയം കൊള്ളിച്ച ബാലന്‍ ഇസ്മായില്‍(അ), മാതാവ്, ഭാര്യ, കുടുബിനി, സ്ത്രീത്വത്തിന്റെ ജ്വലിക്കുന്ന രൂപം തുടങ്ങി അവര‍ണ്ണനീയ നന്മകളുടെ സംഗമ രൂപിണിയായിരുന്ന ഹാജറ (റ) സഹ്യതയുടെ സര്‍വ്വ സീമകളെയും ജീവിതത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തി ഈ മഹനീയ സ്ത്രീത്വം.
          ഈ ജീവിതത്തിലെ മഹദ് രംഗങ്ങളെ വലിയ സാഹസത്തിലുടെ തൊട്ടറിയാന്‍, ലബ്ബൈക്കയുടെ മറുപടി ഈരടികളുമായ് ഹജ്ജാജികള്‍ സംഗമിക്കുന്നതും ഈ ആഘോഷത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സര്‍വ്വ ആഘോഷങ്ങളെയും ആര്‍ഭാട,അനാചാര, ചൂതാട്ടങ്ങളുടെ ശവപ്പറമ്പാക്കുംമ്പോള്‍, ഇസ്ലാമിന്റെ ഈ ആരാധനാ പൂര്‍ണ്ണ ആഘോഷം എത്ര മഹനീയം എന്ന  ഈ ആഘോഷം നമ്മെ തെര്യപ്പടുത്തുന്നു. സകല പാപങ്ങളും ഏറ്റു പറഞ്ഞു സര്‍വ്വേശ്വരന്റെ മുന്നില്‍ നമിക്കുന്ന ഹാജിമാര്‍ അറഫാ സംഗമത്തിലൂടെ ലോകത്തോട് വിളിച്ചു പറയുന്ന വിളമ്പരം നാം തിരിച്ചറിയണം. സര്‍വ്വ വൈചാത്യ അതിരുകളും വലിച്ചെറിഞ്ഞ് ഇസ്ലാമിന്റെ സാഹോദര്യ ദര്‍ശനം ലോകത്തെ അറിയിക്കുംമ്പോള്‍ , തൊട്ടതിനും പിടിച്ചതിന്നും കടി പിടി കൂടുന്ന മുസ്ലിം ലോകം എന്ത് കൊണ്ടോ ഇന്നും ഇത്തരം കാര്യങ്ങളെ ശ്രദ്ധിക്കുന്നില്ല തന്നെ. ഇസ്ലാമിക ജീവിത പദ്ധതിയെ വെല്ലു വിളിക്കുന്ന സര്‍വ്വതും അംഗീകരിച്ച്, അധികാരത്തിന്റെ അപ്പക്കഷ്ണത്തിന്നായി കടി പിടി കൂടുംബോള്‍ വലിച്ചറിയപ്പെടുന്ന മൂല്യങ്ങളെക്കുറിച്ചാരു ചിന്തിക്കാന്‍. ജംറയിലേക്കറിയപ്പെടുന്ന കല്ലുകള്‍ പണ്ടെന്നോ നമ്മുടെ കപട മത,രാഷ്ട്രീയ നേതൃത്തിനു നേരെ എറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നയിക്കുന്നവരും നയിക്കപ്പെടുന്നവരും ചേദ്യം ചെയ്യപ്പെടും എന്ന് നാമെങ്കിലും തിരിച്ചറിയുക. 
             സംസത്തിന്റെ തെളി നീരുകളില്‍ കാണുന്ന നിഷ്കളങ്കതയും, സഫാ മര്‍വ്വകള്‍ പറയുന്ന  സഹനത്തിന്റെ വലിയ പാഠങ്ങളും, സ്വന്തത്തെ പോലും അര്‍പ്പിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളും എല്ലാം ഈ ബലി പെരുന്നാളിന്റെ അധ്യാപനങ്ങളാണ്. സര്‍വ്വോപരി ദൈവത്തോടുള്ള വലിയ കൃതജ്തയും. 
        ഈദ് ഗാഹുകളില്‍ സംഗമിക്കുന്ന നാം കൈമാറേണ്ട പ്രധാന സന്ദേശമാണ് സ്നേഹവും,സാഹോദര്യവും.ആരും ആരെക്കാളും ഉന്നതരല്ലെന്ന് നാം തിരിച്ചറിയുക.എല്ലാ വിശേഷങ്ങളും എല്ലാവരിലുമുണ്ടെന്ന് മനസ്സിലാക്കുക.വിശേഷ
ങ്ങളുടെ രീതികളെ മാറുന്നുള്ളൂ. മനുഷ്യന്‍ ഒരിക്കലും മാറുന്നില്ല. ആഘോഷിക്കുമ്പോള്‍ മറക്കാന്‍ പാടില്ലാത്ത വിഭാഗങ്ങള്‍ നമുക്കിടയില്‍ ധാരാളം കാണാം. അവര്‍ക്കൊരു കൈത്താങ്ങാ
വാന്‍ നാം മടിക്കാതിരിക്കുക.പൂര്‍വ്വ വൈരാഗ്യങ്ങളും, മതില്‍ കെട്ടുകളും ഇവിടെ അവസാനിപ്പാക്കാന്‍ ശ്രമിക്കുക. കുടുംബ ബന്ധത്തിന്റെ ഊഷ്മളതയും,അയല്‍പക്ക ബന്ധങ്ങളുടെ നിര്‍വ്വഹണവും ഓര്‍ക്കുക. പുണ്ണ്യ പ്രവാചകന്‍(സ) പഠിപ്പിച്ച പാഠങ്ങള്‍ മനസ്സിലെന്നും കളിയാടട്ടെ. അന്യനെ സഹായിക്കാനുള്ള മാനസീകാവസ്ഥ വളര്‍ത്താന്‍ ശ്രമിക്കുക. 
         *************************************************
ഏവര്‍ക്കും വഴിവിളക്കിന്റെ,

          "ബലി പെരുന്നാള്‍ ആശംസകള്‍"

2010, നവം 2

ആവര്ത്തനം

ഇരട്ടക്കട്ടിലിന്റെ മുകളില്‍ കിടന്നാല്‍
കാണുന്ന തകര ഷീറ്റാണ്
പ്രവാസിയുടെ സ്വപ്ന പലക.
പലകയിലെ ചിലന്തി വലകളില്‍
നോട്ടം കുടുങ്ങിയടങ്ങുന്ന കണ്ണുകളില്‍
നിറ സ്വപ്നങ്ങളുടെ നീലിമകള്‍
നിഴലിക്കാറില്ല..
മുകളിലോടുന്ന മൂഷികരും
ചുവരിലോടുന്ന കൂറകളും,പല്ലികളും
കുത്തിരസിക്കുന്ന മൂട്ടകളും
സ്വപ്നങ്ങളുടെ കൊലയാളികളാണ്
ഇടതും വലതും മാറിമാറിച്ചെരിഞ്ഞു-
റക്കം വരുമ്പോഴേക്കും
അലാറത്തിന്റെ മണിയടി മുഴങ്ങിരിക്കും
ഉണരാന്‍ മടിക്കുന്ന ശരീരത്തോടും മനസ്സിനോടും
മല്ലിട്ടു തുടങ്ങുന്ന ദിനങ്ങള്‍ക്ക്
പ്രതീക്ഷകളുടെ പാപഭാരം പേറി മടുത്തിട്ടുണ്ട്.
ഓര്‍ക്കാന്‍ മടിക്കുന്ന ദിനങ്ങളെ ശപിച്ച്
ഡബ്ള്‍ ഡക്കര്‍ കട്ടിലില്‍ കിടന്ന്
വീണ്ടും കണ്ണുകളുടെ നോട്ടം പലകയിലേക്കു തന്നെ.

2010, ഒക്ടോ 19

മുദ്ര

 
കോണി വെച്ചു കയറുന്നതാണ്
ഉത്തമമെന്ന് ഉമ്മ,
കൈപ്പടയില്ലാതെ നടക്കില്ലല്ലോ
എന്ന് ഉപ്പ,
അരിവാളാല്‍ അരിയപ്പെടാനെ
ഇവയുള്ളുവെന്ന് ഇക്ക,
സാമൂഹിക പ്രതിബദ്ധതയുടെ
ചിഹ്നങ്ങളെ വികൃതമാക്കരുതെന്ന്
ഞാന്‍,
നൈതികതയുടെ പുതിയ
മേച്ചില്‍ പുറങ്ങളാണഭയമെന്നെന്‍റെ
അനുജന്‍,
ഒരു പകല്‍ കത്തിത്തീര്‍ന്നപ്പോഴേക്കും
ഞങ്ങളൊന്നിച്ചു
ചൂണ്ടു വിരലിലെ മഷിയടയാളം
മായാത്ത നീതിയുടെ മുദ്രയാക്കാന്‍..

2010, ഒക്ടോ 3

ശേഷിപ്പ്.....


താരാട്ടിന്‍റെ കിലുകിലം പാട്ടുകള്‍
മാതൃത്വത്തിന്‍റെ തൂവല്‍ സ്പര്‍ശങ്ങളാണ്
അമൃതിന്‍റെ അധര വിരുന്നുമാണ്..

ചുറ്റുപാടുകളുടെ ആളനക്കവും
കുട്ടി കുസൃതികളും
വളര്‍ച്ചയുടെ നല്ല ഓര്‍മ്മകളാണ്...

പ്രവാസ മുറിക്കുള്ളില്‍
മാതൃത്വവും ,കുട്ടിത്ത്വവും
ഉറഞ്ഞു തീരുന്നു...

പിതൃത്വത്തിന്‍റെ ലാളനങ്ങള്‍ക്കു മുമ്പെ
കൂര്‍ക്കം വലിയില്‍
വിറങ്ങലിക്കുന്ന കുഞ്ഞു കിനാക്കള്‍..

ഇടുങ്ങിയ മുറിക്കുള്ളിലെ
മങ്ങിയ വെളിച്ചവും
പിക്ച്ചര്‍ ട്യുബുകളില്‍ നിന്നുയരുന്ന
അലര്‍ച്ചകളും
എയര്‍കണ്ടീഷന്‍റെ മുരള്‍ച്ചയും
കുഞ്ഞു കിനാക്കളെ അകറ്റി നിര്‍ത്തുന്നു

അപ്പോഴും മാതൃത്വത്തിന്‍റെ
ചൂട് മാത്രം സാന്ത്വനം...

മരു യാത്രികന്‍റെ
മരീചിക -പ്രതീക്ഷകള്‍ പോലെ
കത്തിയമരുന്ന ദിനങ്ങള്‍ക്കപ്പുറം
സ്വതന്ത്ര വിഹാരത്തിനായുള്ള കാത്തിരിപ്പ്...

അറിഞ്ഞു വളരേണ്ട
കുട്ടിക്കാലങ്ങള്‍ക്ക് വീണ
വിലങ്ങിന്നുത്തരവാദിയാരാണ്...?

പ്രവാസ ജീവിതത്തിന്‍റെ ഉരക്കല്ലുകളില്‍
തയഞ്ഞു തീരുന്ന സ്പന്ദനങ്ങള്‍ക്ക്
ചോരയുടെ മണമുണ്ടെന്നതിന്ന്
പ്രവാസത്തിന്‍റെ മതില്‍ കെട്ടുകള്‍
സാക്ഷിയാണ്....

നെഞ്ചിടിപ്പുകള്‍ വീര്‍ത്തു നേര്‍ത്ത
പ്രവാസ സായാഹ്നത്തിന്‍റെ
നെഞ്ചിലെ കോലുകള്‍
ഇനിയൊന്നിനും അളവു കോലുകളുമല്ല...!!
നല്ലയുറക്കത്തിന്ന് 
നേരമായിരിക്കുന്നു...

2010, ഓഗ 9

റമദാന്‍ - ലക്ഷ്യവും താല്പര്യവും


             റമദാന്‍ (رمضان) അഥവാ കരിച്ചു കളയുന്നത് എന്നാണ് ഈ പദത്തിനര്ത്ഥം.ജീവിത യാത്രയിലെ പല സന്ദര്ഭങ്ങളിലും നാം മനുഷ്യര്‍ പലപ്പോഴും ഇടറിപ്പോകാറുണ്ട്. സ്വേഷ്ട പ്രകാരം ചെയ്തു കൂട്ടുന്ന പല തിന്മകളും നമ്മുടെ വ്യക്തിത്വത്തെയും, സംസ്ക്കാരത്തെയും മലീമസമാക്കാറുണ്ട്. അറിഞ്ഞോ അറിയാതെയോ ചെയ്തു കൂട്ടുന്ന ഇത്തരം പാപങ്ങളില്‍ നിന്ന് മനസ്സിനെ മുക്തമാക്കുക എന്നതാണ് ഉദ്ധേശം. അതിനര്ത്ഥം വിപരീതമല്ല എന്ന് പ്രത്യേകം തിരിച്ചറിയണം.പതിനൊന്ന് മാസം തിന്മയിലധിഷ്ഠിതമായി ജീവിക്കുകയും, ഈ പ്രത്യേക മാസത്തില്‍ തിരിച്ചു വരികയും ചെയ്യുക  എന്നത് ബൌദ്ധികമല്ല തന്നെ. അത് അംഗീകരിക്കപ്പെടുകയുമില്ല. കാരണം വ്യക്തമാണ്. അറിവിനെ അജ്ഞതയാക്കി എന്നത് തന്നെ പ്രധാന കാരണം. ഹൃദയ ശുദ്ധിയാണല്ലോ എല്ലാ കര്മ്മങ്ങളുടെയും കൃത്യത ഉറപ്പു വരുത്തുന്നത്. അതിനാല്‍ കളകള്‍ പറിച്ച് കരിച്ചു കളയുക എന്നതാണ് പ്രായോഗികമായ സംസ്കരണത്തിന്റെ ആദ്യ പടി. അഥവാ അങ്ങേ അറ്റത്തെ ആത്മ നിയന്ത്രണം. അതാണ് നോമ്പിലൂടെ കൊണ്ടു വരേണ്ടത്. കഴമ്പില്ലാത്ത് വ്രതത്തിന്  ഫലവും കിട്ടില്ലെന്നത് ആദ്യമെ തിരിച്ചറിയം എന്നത് പ്രവാചക അധ്യാപനമാണ്.
          മാസങ്ങളില്‍ ഏറ്റവും പുണ്ണ്യമായി ഈ മാസത്തെയാണ് മുസ്ലിം ലേകം കാണുന്നത്. സവിശേഷമായ അനവധി ആരാധനാ വൈശിഷ്ട്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ മാസം.വിശുദ്ധിയുടെ നിറവാണ് ഈ മാസത്തിന്റെ പ്രത്യേകത.മറ്റു മാസങ്ങളെ അപേക്ഷിച്ച് ഹീനമായ ചിന്തകളില്‍ നിന്ന് തീര്ത്തും മുക്തമായ മനസ്സും, ശരീരവും ആയിരിക്കും വിശ്വസിയുടെത് എന്നത് എടുത്തു പറയത്തക്കതാണ്. ആത്മ നിയന്ത്രണത്തിന്ന് ഏറ്റവും പാകമായ മനസ്സ് വിശ്വാസികളെക്കാള്‍ മറ്റുള്ളവര്ക്ക് ലഭിക്കുമോ എന്നതും ചിന്തനീയമാണ്. കൃത്യമായ ആരാധനയിലൂടെ കൈവരുന്ന ആത്മ സുഖം വിശ്വാസിയുടെ മാത്രം പ്രത്യേകതയാണ്. യോഗയിലൂടെയോ മറ്റോ ലഭിക്കുന്ന താല്ക്കാലിക സമാധാനത്തെക്കാള്‍, ശ്വാശ്വതമായ മന സംതൃപ്തി ലഭിക്കുന്ന വിഭാഗവും വിശ്വാസികള്‍ തന്നെ. അതിനാല്‍ പലപ്പോഴും പ്രശ്ന കലുശിതമായ സാഹചര്യങ്ങളില്‍ കാലിടറാതിരിക്കുന്നതും, യുക്തമായ തീരുമാനങ്ങെളുക്കാന്‍ കഴിയുന്നതും ഈ വിശ്വാസത്തിന്റെ മാറ്റാണ്.
         പട്ടിണിയുടെ മത നിഷ്കര്ഷയാണ് റമദാന്‍ എന്ന് പലരും കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ കൃത്യമായ അറിവ് ഈ വിഷയകമായി ഇല്ലാത്തത് കൊണ്ടാണത്. വിമര്ശകരില്‍ പോലും പലരും നോമ്പിന്റെ ഗുണ വശം മനസ്സിലാക്കിയവരാണ്.പക്ഷെ നര ബാധിച്ച ചിന്തയും, പക്ഷ പാതപരമായ പിടിച്ചു വലികളും അവരെ കൊണ്ട് പറയിപ്പിക്കുന്നു എന്നത് ഖേദകരമാണ്. മത പഠനം ഇല്ലാത്ത പല വൈദ്യ ശാസ്ത്രജ്ഞരും, അനുഭവത്തിന്റെ പിന്ബലമുള്ള ഇതര മതസ്ഥരും ഇന്നും ഇസ്ലാമിലെ വ്രതമനുഷ്ഠിക്കുന്നു എന്നത് നാം കാണുന്നു. അതിനാല്‍ ഇത് ന്യായീകരിക്കപ്പെടണം എന്നല്ല അതിനത്ഥം. മറിച്ച് നേമ്പിന്റെ ഗുണത്തെ കുറിച്ചും, പ്രായോഗിക രീതികളെ കുറിച്ചും പഠിക്കണം എന്നതാണ് താല്പര്യം. മത അനുയായികളില്‍ പലരും നോമ്പനുഷ്ടിക്കുന്നുണ്ട്. പക്ഷെ, നിയന്ത്രണങ്ങളോ, നിയമങ്ങളോ പാലിക്കപ്പെടുന്നില്ല എന്നതിനാല്‍, വ്രതത്തിന്റെ ഗുണം ഇത്തരക്കാര്ക്ക് ലഭ്യമല്ല എന്നതും മനസ്സിലാക്കപ്പെടണം.പ്രഭാതം മുതല്‍ പ്രദോശം വരെ പട്ടിണി കിടക്കുക എന്നതിനെക്കാളുപരി, അനുഭവിക്കുന്ന സ്വേഛയോടുള്ള സമരത്തില്‍ നിന്ന് പാഠം ഉള്ക്കൊള്ളുക എന്നതാണ് ധര്മ്മം.ശാരീരിക പീഠനമല്ല ,മറിച്ച് മനസ്സിനെയും, ശരീരത്തെയും ധര്മ്മീക മൂല്യാധിഷ്ഠിതമായി പരിചയിപ്പിക്കുകയും, പാകപ്പെടുത്തുകയും ചെയ്യുക എന്നതാണ് നോമ്പിന്റെ തേട്ടം.
           കര്മ്മ നിരതമായ രാപ്പലുകളാണ് റമദാന്‍ വിഭാവനം ചെയ്യുന്നത്. വാചീകവും, കാര്മ്മികവുമായ ആരാധനകളാണ് അതിന്റെ ആത്മാവ്. നിര്മ്മലവും ധന്യവുമായ നിമിഷങ്ങളില്‍ പൈശാചിക പ്രേരണകളുണ്ടാവില്ല എന്ന വിശ്വാസവും മതിപ്പു വര്ദ്ധിപ്പിക്കുന്നു.ഒന്നിനു പത്തായി കര്മ്മഫലങ്ങള്‍ രേഖപ്പെടുത്തുന്നുവെന്നതും പ്രതീക്ഷാവഹമാണ്. അന്യനോട് അനുഭാവ പൂര്ണ്ണമായ സമീപനത്തിന്റെ രീതി ശാസ്ത്രമാണ് ധാന ദര്മ്മങ്ങള്‍.ഇത് ഈ മാസത്തില്‍ മാത്രം ചെയ്യേണ്ട ഒന്നല്ല.എങ്കിലും മേല്‍ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലേച്ഛയാണ് ഈയവസരത്തില്‍ കൂടുതല്‍ ചെയ്യാന്‍ പ്രേരിതമാക്കുന്നത്. നോമ്പ് തുറയുടെയും, തുറപ്പിക്കലിന്റെയും കൃത്യതയും ബാധ്യതയും ദ്യോതിപ്പിക്കുന്ന ഗുണങ്ങള്‍ അനവധിയാണ്. ആരാധനാ കര്മ്മങ്ങളില്‍ പൂര്ണ്ണത കൈവരുന്നത് അന്യരുടെ ദുഖവും കൂടി അറിയുമ്പോളാണ്. ഇത് കൊണ്ടാണ്, സമൂലമായ മാറ്റം ഉള്ക്കൊള്ളാന്‍ കഴിയുന്ന സാഹചര്യവും, ചുറ്റു പാടുകളും റമദാന്‍ പ്രധാനം ചെയ്യുന്നു എന്ന് പറയുന്നതും.
        സഹനത്തിന്റെയും, ക്ഷമയുടെയും, ഔദാര്യത്തിന്റെയും, വിട്ടു വീഴ്ച്ച മനോഭാവം തുടങ്ങി മനുഷ്യരില്‍ ഉണ്ടാവേണ്ട സകല നന്മകളുടെയും പരിശീലന കളരി കൂടിയാണ് റമദാന്‍.ഉള്ക്കൊള്ളുന്ന ആദര്ശം നെഞ്ചേറ്റുവാനുള്ള ചങ്കൂറ്റം എത്രത്തോളമെന്നത് ഈ മാസത്തിലൂടെ ദര്ശനീയമാണ്. ഇസ്ലാമിലെ മാതൃകാപരമായ ആരാധനയാണ് വ്രതം.മറ്റു ആരാധനാ രീതികളിലും സമാനമായ ഒട്ടനവധി പാഠങ്ങള്‍ നമുക്കു കാണാം.ഭക്ഷണ പാനീയങ്ങളിലെ നിയന്ത്രണം ശാരീരികമായി നമ്മെ പാകപ്പെടുത്തുംമ്പോള്‍, ആരാധനകള്‍ ആത്മാവിനെയും പാകപ്പെടുത്തുന്നു.ചിലരെങ്കിലും രാത്രി ഭക്ഷണത്തിലും നിയന്ത്രണങ്ങള്‍ കാണുംബോള്‍, മറ്റു ചിലര്‍ പകലിലെതും കൂടി വലിച്ചകത്താക്കുന്നു എന്നത് ശ്രദ്ധിക്കപ്പെടെണ്ടതുണ്ട്. 
             വരവായി റമദാനിലെ പുണ്ണ്യ രാവുകള്‍.പ്രാര്ത്ഥനാ നിര്ഭരമായ രാവുകളാല്‍ നാം അനുഗ്രഹിക്കപ്പെടുന്നു.  നമ്മുടെ ഒരുക്കം വിജയത്തിനായിരിക്കട്ടെ.കൃത്യമായി ഈ മാസത്തെ ഉള്ക്കൊള്ളാനും   ഉപയോഗപ്പെടുത്താനും വിശ്വായികള്ക്ക് സാധ്യമാകട്ടെ എന്നാശംസിക്കുന്നു.
               Visit :-  www.jmanimala.blogspot.com 

2010, ജൂലൈ 24

കൈ വെട്ട്...നാം പഠിക്കേണ്ടത്...

                                     കൈ വെട്ടും കാല്‍ വെട്ടും തല വെട്ടും കേരളത്തിനു പുത്തരിയല്ല.. കൊള്ളയുംകൊള്ളി വെപ്പും കൊല പാതകവും നമ്മുടെ ദിന ചര്യയുടെ ഭാഗവുമാണ്. പീഢനവും, പിടിച്ചു പറിയും, ഒളിച്ചോട്ടവും ഇല്ലേല്‍ നാം എന്ത് മലയാളികള്‍ അല്ലേ..!?. അന്യന്റെതിനു പുല്ലു വിലയും സ്വന്തത്തിന്റെതിനു സ്വര്ണ്ണ വിലയും കാട്ടിയില്ലെങ്കില്‍ നമുക്കുകേരളീയനാകാന്‍പറ്റുമോ..?കളവുനടത്തലും,കളവുപറയലും,അപഹസിക്കലും, 
സ്വയം അപഹസിതരാകലും നമ്മുടെ ചില തിരിച്ചറിയല്‍ അടയാളങ്ങാണ്. കുപ്രചരണവും,കുപ്രസിദ്ധിയും പുതിയ തല മുറയുടെ ഹരങ്ങളാണ്.! തെറിയാഭിഷേകം നടത്താത്ത പ്രചരണ പരിപാടികളില്‍ ആളുകളെ കിട്ടാനില്ലാത്ത അവസ്ഥ.വിപ്ലവ മുദ്രാവാക്യങ്ങള്‍ മുഷ്ടി ചുരുട്ടി വിശ്രമിക്കുംമ്പോള്‍,തെറി വാക്യങ്ങള്‍ ഫണം വിടര്ത്തിയാടുന്നു.തെരുവോ
രങ്ങള്‍ ശബ്ദ മലിനീകരണത്തില്‍ വീര്പ്പു മുട്ടുന്നു.കുട്ടി രാഷ്ടീയക്കാര്‍ രംഗം കയ്യടക്കിയിരിക്കുന്നു. മൂത്തവരുടെ ബാല പാഠങ്ങള്‍ ഉള്ക്കൊണ്ടു പഠിച്ചു വളരുന്നവരാണിവര്‍. ഭാവിയില്‍ കേരളത്തെ കുളമാക്കേണ്ട ദൌത്യം ഇവരുടെതാണ്.ആയതിനാല്‍ വിദ്യഭ്യാസ സ്ഥാപനവും ഭരണ കേന്ദ്രങ്ങളും ഇവര്‍ കൈകാര്യം ചെയ്തു തുടങ്ങി.പൊതു മുതലുകളുടെ കാലാവധി ഒരു ബന്ദോ സമരമോ വരെ മാത്രം. ഹര്ത്താലുകള്‍ ആഘോഷങ്ങളാക്കുന്ന നാം കേരളീയര്‍, ഏതു ക്ഷേമത്തെ കുറിച്ചാണു സംസാരിക്കുന്നത്?!!.
                  കൈവെട്ടിനൊരു രാഷ്ടീയമുണ്ട്.അതു കേരളത്തിലെ  വലിയ  രാഷ്ടീയ കുബുദ്ധികള്‍ കാണിച്ച മാതൃകയാണ്.കൈകള്‍ വെട്ടി വലിച്ചെറിയലും, പോസ്റ്റുകളില്‍ തൂക്കിയിടലും, തല വെട്ടി പ്രദര്ശിപ്പിക്കലും, വയറു കുത്തിക്കീറി കുടലുകള്‍ പുറത്തിട്ടാസ്വദിക്കലും, കൊച്ചു കുട്ടികളുടെ കാലുകള്ബോംബിംഗിനിരയാക്കുകയും ചെയ്യുന്ന മാതൃക.ഈ രാഷ്ടീയ മാതൃക സ്വീകരിച്ചാല്‍ അതെങ്ങനെ താലിബാനിസം ആകുമെന്ന് മനസ്സിലാകുന്നില്ല.അല്ലേലും ചിലര്ക്ക് ഇതൊക്കെ ചെയ്യാമെന്നും മറ്റുള്ളവര്ക്കിത് പാടില്ലെന്നും ഏതു കിത്താബിലാ ഉള്ളത്.? രാഷ്ടീയത്തിന്റെ പേരില്‍ ചെയ്യുന്നത് ഹലാലായ(അനുവദനീയ) തോന്നിവാസവും, മറ്റുള്ളവര്‍ ചെയ്യുന്നത് ഹറാമു(നിഷിദ്ധം) മാകുന്നതെങ്ങനെയാണ്?!.കൈ വെട്ടിനെക്കാള്‍ വലിയ കൊല പാതകങ്ങള്‍ നടന്നപ്പോള്‍ തീവ്ര വാദം കാണാത്തവര്‍ ഇപ്പോള്‍ കൈവെട്ടിന്റെ തീവ്രവാദം കാണുന്നതും, ജനകീയ സമരങ്ങള്ക്ക് പിന്നില്‍ 
മാവോയിസം കാണുന്നതും രസാവഹം തന്നെ.
                   നിഷ്കളങ്കമായ എത്രയെത്ര ജീവനുകളാണ് രാഷ്ട്രീയ ഭൂമികയില്‍ വെറുതെ വീണുടഞ്ഞത്. ക്ലാസ് മുറികളിലെ ചോരക്കറ കണ്ട് മനം നൊന്ത കൊച്ചു കുട്ടികള്‍ക്കിപ്പോളും ആ വിഭ്രാന്തി മാറിക്കാണില്ല.ഓവു ചാലിലെ മലിന ജലത്തില്‍ ചീഞ്ഞു നാറിയത് ഒരു നാല്ക്കാലിയുടെ ജഢമല്ല, ഇരു കാലുള്ള മനുഷ്യ സ്വഭാവമുള്ള നിഷ്കങ്കനായ ഒരു സാധാരണക്കാരന്റെതായിരുന്നു.കണ്ണൂരിലെ ഹസീനയും,വടകരയിലെ അഷ്റഫും അതിനു പകരക്കാരനായി ഇരയാക്കപ്പെട്ട ബിജുവും എന്ത് തെറ്റാണ് ചെയതത്.എന്തെ ഇതിലൊന്നും ഭീകരവാദമോ തീവ്രവാദമോ കണ്ടെത്താഞ്ഞത്. അതില്‍ മത മൂല്യങ്ങള്‍ ഇല്ലാത്തത് കൊണ്ടാണോ.എങ്കില്‍ ഒന്നു ചോദിക്കട്ടെ. എന്താണീ രാഷ്ട്രീയം.?രാജ്യത്തെ ജനങ്ങള്ക്ക് സ്വസ്ഥ,സുസ്ഥിര ജീവിതം നെല്കുന്നതല്ലെ രാഷ്ടീയ സിദ്ധാന്തം.അതിലും ഇല്ലെ ചില നിയമവാലികളും സദാചാരങ്ങളും.അതു തന്നെയാണ് മതവും.മനുഷ്യന്‍ എങ്ങിനെ ജീവിക്കണമെന്ന രീതിയാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്.കൃത്യമായ അധ്യാപന രീതികളും അതിനുണ്ട്.ആയതിനാല്‍ രാഷ്ട്രീയക്കാര്‍ അവരുടെ നയിക്കുന്ന സിദ്ധാന്തത്തിലൂടെ പോകുംമ്പോള്‍,മത വിശ്വാസികള്‍ അവരുടെ രീതികളും ആശ്രയിക്കുന്നു.എന്നാല്‍ തെറ്റു ആരു ചെയ്താലും അത് തെറ്റായിക്കാണാനുള്ള സാമാന്യ ബുദ്ധിയെങ്കിലും നമുക്ക് വേണ്ടേ?
     പ്രശ്നത്തിന്റെ പ്രധാന കാരണക്കാര്‍ രാഷ്ട്രീയക്കാരാണെന്നു ചുരുക്കം.ഒരു രാജ്യത്തിന്റെ ഭരണത്തിലിരുന്നു വായില്‍ തോന്നിയത് കോതക്ക് പാട്ടു എന്ന മട്ടില്‍ പ്രതികരണവും തീരുമാനവും എടുക്കുന്നത് എത്രത്തോളം അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് അവര്‍ മനസ്സിലാക്കുന്നത് നന്ന്.തങ്ങളുടെ ആളുകളാവുമ്പേള്‍ "പഠിക്കട്ടെ" എന്നും, മറ്റു കക്ഷികളാവുംമ്പാള്‍"മുഖം നോക്കാതെ നടപടി" എന്നതും ഇനി രാഷ്ട്രീയമില്ലാതെ സ്വ ആദര്ശത്തിലൂന്നി പ്രവര്ത്തിക്കുന്നവരാകുംമ്പോള്‍ "താലിബാനിസവും,തീവ്ര വാദവും"തുടങ്ങിയ സ്ഥിരം പല്ലവിയില്‍ നിന്നു നാം മാറണം.പ്രത്യേകിച്ചു അഭ്യന്തര മന്ത്രിമാര്‍.മൈക്ക് കാണുമ്പോഴേക്കും കൂകി വിളിക്കുന്ന,മാധ്യമ പ്രവര്ത്തകരെ കാണുമ്പോള്‍ വിയര്ത്തു കുളിക്കുന്ന രീതി മാറണം.അറിയാത്ത കാര്യത്തെ കുറിച്ചുള്ള ചൂടപ്പം മറുപടി രാഷ്ട്രീയക്കാര്‍ നിര്ത്തിയെ മതിയാകൂ.പരസ്പരം പഴി ചാരലും, ഒഴിഞ്ഞു മാറലും ഈ വര്ഗ്ഗത്തിന്നു ഭൂഷണമല്ല തന്നെ.
                                  ഇനി നാം ആലോചിക്കുക.ഇതില്‍ പറഞ്ഞ ഏതെങ്കിലും ചെയ്തികള്‍ നമുക്കു പൊറുക്കാവുന്നതാണോ?തല പോയാല്‍ ജീവന്‍ പോകുന്നുവെങ്കില്‍, കൈയും കാലും പോയാല്‍ അവന്‍ ജീവഛവമല്ലെ ആകുന്നത്?!!.ഇതില്‍ ഏതാണ് നല്ലതെന്നു ചോദിക്കുന്നതില്‍ എന്തര്ത്ഥമാണുള്ളത്?ഇനി നിഷ്പക്ഷരായ നമ്മളാണു ചില തീരുമാനങ്ങള്‍     എടുക്കേണ്ടത്.
                        പോലീസിന്റെ ആയുധ വേട്ടയും,രാഷ്ട്രീയക്കാരുടെ വാചാല വേട്ടയും അവിടെ നടക്കട്ടെ.വിദ്യാസമ്പന്നരായ ആളുകളെ നാം നമ്മുടെ ഭരണത്തലവന്മാരായി തെറഞ്ഞെടുക്കുക.നാടിന്നു വേണ്ടി പ്രവര്ത്തിക്കുന്നനമ്മുടെ ജീവിത നിലവാരം സ്വപ്നം കാണുന്ന നല്ല വ്യക്തിത്വങ്ങളെ മാത്രം.രാഷ്ട്രീയ പാരമ്പര്യവും, കുടുംബ പാരമ്പര്യവും നമ്മെ സ്വാധീനിക്കാതിരിക്കണം.അതിനു നല്ല കൂട്ടായ്മകള്‍ വളരണം.നല്ല കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കാന്‍ നാം രംഗത്തു വരണം.നന്മയുടെ മൂല്യമറിയാത്തവര്‍ എങ്ങിനെ മൂല്യമള്ളവരായിത്തീരും. കാഷ്ടം ഒരു നാളും ശുദ്ധിയാക്കാന്‍ പറ്റാത്തത് പോലെ. ഇത്തരം രാഷ്ട്രീയ കള്ളന്മാരെ ആദ്യം 
പിടികൂടിയാല്‍ ഒരു തരത്തിലുള്ള വെട്ടും കേരളം കാണേണ്ടി വരില്ല തീര്ച്ച.

2010, ജൂലൈ 17

നന്മയുടെ വഴിയെ....

     തണുത്തുറഞ്ഞ മുറിയില്‍ നിന്ന് പുറത്തിറങ്ങിയതേയുള്ളു..ഉള്ളിലേക്ക് തന്നെ വലിഞ്ഞു കയറി..നേരം വെളുപ്പാന്‍ കാലം..ഏഴു മണിയാകുന്നേയുള്ളൂ..അതി കഠിനമായ ചൂടു തുടങ്ങിക്കഴിഞ്ഞു...ബില്ഡിംഗ് പണിക്കാരൊക്കെ ചൂടില്‍ കിടന്ന് പൊരിഞ്ഞു തുടങ്ങി..കറുത്തിരുണ്ട മനുഷ്യക്കോലങ്ങള്‍...നൂറു മീറ്റര്‍  മാത്രം ദൂരെയുള്ള എന്റെ ഓഫീസിലെത്താനുള്ളത്ര ചൂടു പോലും സഹിക്കാന്‍ വയ്യ...എന്നിട്ടല്ലേ ബില്‍ഡിംഗ് പണി..കത്തിയെരിയുന്ന ചൂടില്‍ ആശ്വാസമായി എയര്‍ കണ്ടീഷനുകള്‍ നിലക്കാതെ മുരളുന്നു..ഫാനുകള്ക്കും വിശ്രമമില്ല..ദാഹ ശമനത്തിനായി ബോട്ടിലുകള്‍ കരുതിയിട്ടുണ്ട്..എന്നിട്ടും ജീവിക്കാനും ജീവിപ്പിക്കാനും വേണ്ടി ഉരുകിത്തീരുന്നു... 
       പുരാതന അറേബ്യ മനസ്സിലൂടെ മിന്നി മറഞ്ഞു...പ്രവാചകന്മാരുടെയും അനുചരുടെയും ത്യാഗ പൂര്ണ്ണ ജീവിതവും, സഹന കഥകളും മനസ്സില്‍ വല്ലാതെ തടം കെട്ടി നിന്നു..അസഹ്യമായ ചൂടിലും കാര്യ നിര്‍വ്വഹണത്തില്‍ മുന്നില്‍ അവര്‍ തന്നെ..മടിയില്ലാതെ കാര്യങ്ങള്‍ ചെയ്തു തീര്ത്തവര്‍..എനിക്ക് ആവേശം കൂടി വരുന്ന പോലെ..ഈ മണലാരുണ്യത്തിലാണല്ലോ അവരും വളര്ന്നത്...എന്നിട്ടും, ദൌത്യ നിരവ്വഹണത്തില്‍ അവര്‍ വിപ്ലവം സൃഷ്ടിച്ചു...ഇന്നും അവര്‍ നമ്മളില്‍ നിറഞ്ഞു നില്ക്കുന്നു...
      ഉച്ചയുറക്കത്തിനായി മുറിയിലേക്ക് പോകും വഴി...മെലിഞ്ഞുണങ്ങിയ ഒരു പൂച്ച..കരയാന്‍ പോലും വയ്യ..കഠിന ചൂടില്‍ ജലാംശം നന്നെ കുറവാണെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം..മഴ പോലും ഇല്ലാത്ത ഇവിടെ ജീവ ജാലങ്ങള്ക്ക് നന്നെ പ്രയാസം തന്നെ...ഉള്ള മനുഷ്യന്മാര്‍ തടിച്ചു കൊഴുത്തിരിക്കും...പക്ഷെ ഈ മിണ്ടാ പ്രാണികള്‍ എന്തു ചെയ്യാന്‍..പൂച്ചയുടെ ദൈന്യമായ കരച്ചിലില്‍ പൂര്‍വ്വ കാലത്തെ ഒരു സംഭവം മനസ്സില്‍ ഓടി വന്നു..ദാഹിച്ചു വലഞ്ഞ നായയ്ക്ക് വെള്ളം കൊടുത്ത് സ്വര്ഗ്ഗ പ്രവേശം ഉറപ്പിച്ച ഒരാളുടെ കഥ...കഥയായ് പറഞ്ഞതല്ല അതെന്ന് നേരിട്ടു ബോധ്യമായി..അദ്ധേഹത്തിന്ന് സ്വര്ഗ്ഗം മാത്രമാണ് പ്രതിഫലം എന്ന് എന്റെ മനസ്സും..ഇന്ന് ബില്ഡിംഗുകളുടെ തണലെങ്കില്‍ അന്ന് വിശാലമായ മരുവായിരുന്നു...മരുക്കപ്പലുകള്ക്ക് മാത്രം പ്രാപ്യമായ സാഹചര്യം...അതിലാണ് ഉന്നത് മൂല്യങ്ങള്‍ പടുത്തുയര്ത്തിയത്...നിലനില്പിന്നു വേണ്ടിയുള്ള  സമരങ്ങള്‍ നടന്നതും അവിടെയാമ്...കാരുണ്യത്തോടെ മാത്രം വര്ത്തിക്കാന്‍ പഠിപ്പിച്ചതും ഇതെ  തട്ടകത്തില്‍ നിന്നു തന്നെ...പക്ഷെ, കാലത്തിന്റെ ഒഴുക്കില്‍ പലതും നാമാവശേഷമായി... അതില്‍ പല മൂല്യങ്ങളും കടപുഴകി...അലങ്കാരത്തിന്നു വേണ്ടി വാങ്ങുന്ന ജീവ ജാലങ്ങള്ക്ക് സ്വാതന്ത്യം നഷ്ടമായി...അവരുടെ ലോകത്തിന്ന് നാം പരിധികളിട്ടു...ഉപകാരങ്ങള്ക്ക് ഉപകാര സ്മരണ നാം ചോദിച്ചു വാങ്ങിത്തുടങ്ങി..ഇന്ന് അതെ ജീവ ജാലങ്ങള്‍ മുഖേന നാം ശപിക്കപ്പെടുന്നു..നമ്മുടെ മനസ്സാണ് മാറിയത്...ജീവ ജാലങ്ങളോ അവസരങ്ങളോ അല്ല.
          കാലം മാറി കൊണ്ടിരിക്കും..പക്ഷെ തന്മയത്വമുള്ള മൂല്യങ്ങള്‍ നാമാവശേഷമാവരുത്..കാരുണ്യം നമ്മളില്‍ നിറഞ്ഞു നില്ക്കട്ടെ..സഹ ജീവികള്ക്കു നാം പ്രതീക്ഷയായിടട്ടെ..മനുഷ്യത്വം നമ്മളില്‍ അവശേഷിക്കണം...എങ്കിലെ അനുഭവങ്ങള്‍ നമുക്കു പാഠമാകുകയുള്ളൂ..

2010, ജൂൺ 17

ചെരിപ്പു കുത്തി....

നട്ടുച്ചയിലും 
കണ്ണും നട്ടിരിക്കുന്നത് 
അറബിയുടെ 
ചെരിപ്പു വള്ളിയിലേക്ക്..!
ചെറിയൊരു "വള്ളി പൊട്ട്"
പ്രതീക്ഷകളുടെ ഏച്ചു കെട്ടാണ്..
മരുപ്പച്ചയുടെ 
നേര്‍ കാഴ്ചയുമാണ്..

നിറ സ്വപനങ്ങളെ 
തുന്നികെട്ടുന്നതും,
പുതു സ്വപ്നങ്ങള്‍ക്ക്
നാമ്പ് കിളിര്ക്കുന്നതും
ഈ വള്ളിയില്‍ നിന്നാണ്..


ഏച്ചു കെട്ടുന്ന വള്ളികള്‍ 
ദൃഢപ്പെടുംമ്പോള്‍
അറബിയുടെ മുഖം 
പ്രസരിക്കുന്നു...
രണ്ടു ദുട്ടുകളില്‍ 
കുടുംബത്തിന്റെ കൂട്ടച്ചിരി 
ഉള്ളില്‍ 
ആളനക്കമുണ്ടാക്കുന്നു..

എന്നിട്ടും,
അറിയാതെയുരുകി-
വാര്ന്നിറങ്ങുന്ന-
വിയര്പ്പു തുള്ളികളിലലിഞ്ഞ-
ആയുസ്സിന്റെ കരിഞ്ഞ മണം "മാത്രം "
തിരിച്ചറിയാതെ പോകുന്നവന്‍
ഈ.....................??!!

2010, ജൂൺ 10

ബാധ്യതകള്‍ ബഹിഷ്ക്കരിക്കാമോ...ഇതേതു മതം...??!

ഏത് പെണ്ണിന്റെയും മനസ്സ് സന്തോഷത്താല്‍ അഭിരമിക്കുന്ന സുദിനം..പ്രായമായാല്‍ പിന്നെ കാത്തിരിപ്പിന്റെ ദിനങ്ങള്‍..നിലവിലെ സാഹചര്യത്തില്‍ ഒരുപിതാവിന്റെ ഹൃദയമിടിപ്പ് കൂടുന്ന ദിനങ്ങളുമാണ്. വേണ്ടിയോ  വേണ്ടാതെയോ  അതങ്ങിനെയാണ്..ചുറ്റുപാടുകള്‍ സമ്മാനിക്കുന്ന സമ്മാനമാണത്.പെണ്‍ കുഞ്ഞിനെ പ്രസവിക്കുമ്പോള്‍ മുഖം കറുത്ത് പോകുന്ന പുരാതന ജാഹിലിയ്യ സംസ്ക്കാരം നിലവില്‍ വരാന്‍ കൊതിക്കുന്നു ചിലര്‍.സ്ത്രീ ധനത്തിന്റെ പേരില്‍ വില പേശി പീഢിപ്പിക്കുന്നു മറ്റു ചിലര്‍. മുത്ത് നബിയുടെ ഉമ്മത്ത് ഞങ്ങളാണെന്ന്മറ്റു ചിലര്‍. അവസാനത്തെ വിഭാഗവുമായി ബന്ധമുള്ള ഒരു സംഭവം പറയാം.ഇവരാണത്രേ ഇസ്ലാം ദീനിന്റെ കാവല്‍ക്കാര്‍.
            കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് പരപ്പില്‍ മുക്കില്‍ എന്ന പ്രദേശത്തെ മാങ്ങോട്ട് മഹല്ല്. കാലങ്ങ ളായി ഇ.കെ വിഭാഗം സുന്നികളുടെ കീഴിലാണ് ഈ മഹല്ല്. സുന്നീ ആദര്‍ശം ജീവിതത്തില്‍ കൊണ്ടു നടക്കുന്നവരാണ് ഇവിടത്തുകാര്‍.( അടുത്ത കാലത്തായി മുജാഹിദ്-ജമാത്ത് തുടങ്ങിയ ഇസ്ലാമിക പ്രസ്ഥാനവുമായി സഹകരിക്കുന്നവര്‍ ഇവിടെ കൂടി വരുന്നുണ്ട് എന്നത് മറ്റൊരു വിഷയം.)ഏതായാലും പ്രശ്നം അവിടെയല്ല.ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ആര്ക്കുമില്ല.മാത്രവുമല്ല ഇസ്ലാമിക വിശ്വാസം ജീവിതത്തില്‍ പകര്ത്തുന്ന ഒരു മുസ്ലിം, മറ്റേതു വിശ്വാസിയെയോ,അവിശ്വാസിയെയോ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കരുതെന്നതാണ് ഇസ്ലാമിക അധ്യാപനം.എത്ര കൊടും ക്രൂരനായാലും സാമൂഹിക ബാധ്യതയോട് രാജിയാവാന്‍ അവന് സാധ്യമല്ല, എന്നിട്ടും ഒരു പെണ്ണിനോട്, പ്രവാചകന്റെ ആളുകള്‍ ഞങ്ങളെന്ന് വിളിച്ചു പറയുന്ന ഒരു വിഭാഗം ആളുകള്‍ കാട്ടിക്കൂട്ടിയ തോന്ന്യസം ഏത് കൂടിച്ചേര്ന്നുള്ള ചര്ച്ചയുടെ അനന്തര ഫലമാണെന്ന് ഇവര്‍ വ്യക്തമാക്കേണ്ടതില്ലേ?. നേതൃത്വ നിരയിലെ പണ്ഡിതന്മാരുടെ ആശയ പാപരത്തമായി ഇതിനെ വിലയിരുത്തിയ ആര്‍,എസ്,എസ് കാരോട് ഈ മത മേലാളന്മാര്ക്ക് എന്താണ് മറുപടി പറയാനുള്ളത്.? നേതൃത്വത്തെ കഴുതകളെ പോലെ അനുസരിക്കുന്നവരെ മാത്രം അംഗീകരിക്കുന്ന (ഈ) ആദര്ശം കേരളത്തില്‍ ഇന്നെ വരെ കണ്ടിട്ടില്ലാത്തതില്‍ വെച്ചേറ്റം വിചിത്രം തന്നെ.ആരുടെതായാലും.!
           സുന്നീ ആദര്ത്തില്‍ വളര്ന്ന അബ്ദുല്‍ റഹ്മാന്‍ ആണ് കേന്ദ്ര കഥാപാത്രം. ഇതു വരെ വിശ്വസിച്ചതില്‍ നിന്നും കണ്ടെത്തിയ ന്യൂനതകള്‍ അദ്ധേഹത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവാം. തികച്ചും വ്യക്തി പരമായ തീരുമാനം. കേരളത്തിലെ നിരവധി നവോത്ഥാന പ്രസ്ഥാനങ്ങള്‍ നിറഞ്ഞു നില്ക്കുന്നു.അതില്‍ വ്യത്യസ്ഥ അഭിപ്രായ വീക്ഷണമുള്ളവര്‍ നിരവധിയാണ്.സുന്നികളില്‍ തന്നെ നിലവില്‍ നിരവധി  ഗ്രൂപ്പുകളുണ്ട്.ഗ്രൂപ്പുകളിലെ ഗ്രൂപ്പും ഉണ്ട് എന്നതും യാഥാര്ത്ഥ്യമാണ്.മുജാഹിദുകളും ഇതില്‍ വ്യത്യസ്തരല്ല. ഗ്രൂപ്പില്ലാത്ത ജമാഅത്തെ ഇസ്ലാമിയും ഉണ്ട്. എല്ലാ സംഘടനകളെയും ഒരു പോലെ കാണണമെന്ന വാദക്കാരും ഉണ്ട്. സംഘടന വേണ്ടാ സംഘടനക്കാരും കൂനിന്‍ മേല്‍ കുരുവായിക്കിടക്കുന്നു.   പക്ഷെ ഇതിലൊന്നും വര്ഗ്ഗീയ ചിന്താഗതിക്കാരുള്ളതായി കാണുന്നില്ല. സ്വ ആദര്‍ശങ്ങള്‍ തീവ്രമായി  പറയുന്നുവെന്നല്ലാതെ.അങ്ങിനെ ആയിരിക്കുകയും വേണം. എന്നാല്‍ ഇത്ര മാത്രം വര്‍ഗ്ഗീയവും ഇസ്ലാമിക സംസ്ക്കാരത്തിന്ന് യോജിക്കാത്തതുമായ ഒരു സമീപന രീതി സ്വീകരിച്ച ഈ വിഭാഗം സുന്നികള്‍ ഏത് ഇസ്ലാമിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന്  മനസ്സിലാകുന്നില്ല. ഈ പ്രവണതയ്ക്ക് കൂട്ടു നിന്ന ഏത് മുസ്ലിം നാമധാരിയായാലും , ഇസ്ലാമും അവനും തമ്മിലെ ബന്ധം നാക്കിലെ ഉള്ളു എന്ന് മനസ്സിലാക്കാന്‍ ഒരു രണ്ടാം ക്ലാസുകാരന്റെ ബുദ്ധി പോലും വേണമെന്ന് തോന്നുന്നില്ല. 
             ഈ പറഞ്ഞ വ്യക്തി മുജാഹിദിലെ ഔദ്യോഗിക വിഭാഗവുമായി സഹകരിച്ചു തുടങ്ങി. നടക്കാന്‍ പാടില്ലാത്തവ എന്ന ലിസ്റ്റില്‍ പെടുന്ന ചില അനിസ്ലാമിക കാര്യങ്ങള്‍ ഇദ്ധേഹം വിളിച്ചു പറഞ്ഞു. അങ്ങിനെ മാങ്ങോട്ട് മഹല്ലിലെ മൂന്നാമത്തെ മുജാഹിദായി അബ്ദുല്‍ റഹ്മാന്‍.തുടര്ന്ന് നാട്ടുകാരില്‍ ചിലരൊക്കെ ഈ വിഭാഗവുമായി സംവദിക്കാനും തുടങ്ങി. പള്ളി കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വരെ വാദിച്ചു തുടങ്ങി.പള്ളിപ്പണം കൊടുക്കുന്നതിനാല്‍ അതു പാടില്ലെന്നു ചിലര്‍.അങ്ങിനെ തുടങ്ങിയ ചര്‍ച്ചയിപ്പോള്‍ ഒരു വലിയ വിഭാഗം ജനത്തെ മൂജാഹിദ്-ജമാഅത്ത് പ്രസ്ഥാനത്തിലേക്ക് ആകര്ഷിച്ചു.മഹല്ലില്‍ മറ്റൊരു പള്ളിക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ കുറെ എളുപ്പമായി എന്നതിനാല്‍ ഹൈന്ദവ സഹോദരങ്ങളുടെ വരെ സഹകരണം ഇവിടെ ലഭ്യമായിത്തുടങ്ങി എന്നത് മത സൌഹാര്ദ്ധത്തിന്റെ കൂടെ തെളിവായി നില്‍ക്കുന്നു.
             06/06/2010 ഞായറായഴ്ച്ചത്തേക്ക് മുര്ഷിദ (ഇദ്ധേഹത്തിന്റെ മകള്‍)യുടെ കല്ല്യാണം നിശ്ചയിച്ചു. നാട്ടുകാരെയൊക്കെ ക്ഷണിക്കാനും, പെണ്‍ കുട്ടിയുടെ വിവാഹം സുഖമമായി നടത്താനും തീരുമാനിച്ചു.നിക്കാഹു മായി ചില പ്രശ്നങ്ങളുണ്ടായി. താന്‍ ഉള്‍കൊള്ളുന്ന ആദര്‍ശം നില നില്ക്കണമെന്നാഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്?. അതും സ്വന്തം മകളുടെ വിവാഹവും. സുന്നികളില്‍ ഒരു വിഭാഗം യോഗം ചേരന്നു.ശക്തമായൊരു തീരുമാനത്തിലൂടെ ടിയാനെ ബുദ്ധിമുട്ടിക്കണമെന്ന് തീരുമാനമായി.അന്നു മുതല്‍ സുന്നീ വിഭാഗത്തിലും ഗ്രൂപ്പുകള്‍ രൂപം കൊണ്ടു.പലരും പല അഭിപ്രായക്കാരായി. പക്ഷെ ഒരു പെണ്ണിന്റെ ഹൃദയം മനസ്സിലാക്കാന്‍, വേദനകള്‍ തിരിച്ചറിയാന്‍ ഈ കാലമാടന്മാര്ക്ക് കഴിയാതെ പോയി.നാട്ടിലെ അമുസ്ലിം സഹോദരങ്ങളും 
തിരിച്ചറിഞ്ഞു ഇത്തരം ഹീന കൃത്യത്തിന്നും പള്ളികള്‍ ദുരുപയോഗം ചെയ്യാമെന്ന്.! ദൈവത്തിന് മുമ്പില്‍ നമിക്കുന്നവരില്‍ പലരും കപടന്മാരാണെന്ന്.! ഇത് ശക്തമായ നീക്കത്തിന്ന് മുജാഹിദ് വിഭാഗത്തെ പ്രേരിപ്പിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നവരെന്നഭിമാനം പറയുന്ന ലീഗ് 
നേതാക്കളും അതില്‍ അംഗമായി.ഭൂരിപക്ഷമാണല്ലോ പ്രശ്നം. രണ്ടാമതാണല്ലോ നീതിയും നന്മയും. പക്ഷെ മുജാഹിദിലെ ലീഗ് കാര്‍ ഇപ്പുറം അണിനിരന്നതോടെ കാര്യങ്ങള്‍ പിടി വിട്ടു. 
          സ്ഥലത്തെ പ്രധാന മുജാഹിദ് പ്രവര്ത്തകനായ മുഹമ്മദ് മുസ്ല്യാരും സജീവമായി രംഗത്തെത്തി. നാടിന്റെ നാനാ ഭാഗത്തും കല്ല്യാണം പറഞ്ഞു. സഹ പ്രവര്ത്തകരെ ഹാര്ദ്ദവമായി ക്ഷണിച്ചു.ഹൈന്ദവ സഹോദരങ്ങളും സകല പിന്തുണയുമായി രംഗത്തെത്തി.ഏഷ്യനെറ്റിലെ കണ്ടതും കേട്ടതും പ്രോഗ്രാം (ഈ പരിപാടി 12/06/2010ന്  ഏഷ്യാനെറ്റില്‍) നടത്തിപ്പുക്കാരെയും ക്ഷണിച്ചു വരുത്തി. ഇമ്മാതിരി ഒന്ന് കേരളത്തില്‍ തന്നെ ആദ്യാനുഭവമാണല്ലോ.അതിന്റെ പൊന്‍ തൂവലും(?)ഇക്കൂട്ടര്ക്കു (ബഹിഷ്ക്കര്ത്താക്കള്ക്ക് )തന്നെയാണ് ചേരുക.
               തലേ ദിവസം മുതല്‍ ആളുകള്‍ ഒഴുകിത്തുടങ്ങി.കല്ല്യാണ വീട്ടിലേക്ക്.അയല്‍വാസിയായി ഇതു വരെ കഴിഞ്ഞ പെണ്ണുങ്ങളെ പോലും കാണാനില്ല.പലരും കുടുംബ വീടുകളിലേക്ക് മാറിത്താമസിച്ചു. ചിലര്‍ മനസ്സില്‍ സ്വന്തം ഭര്ത്താക്കന്മാരെ ശപിച്ചു കൊണ്ടിരുന്നു.വാതില്‍ പടിക്കലില്‍ നിന്ന് അന്യനാട്ടിലെ ആളുകളെ കണ്ട് പലരും തല താഴ്ത്തി.ഒരു ഉമ്മയുടെ മനസ്സ് എത്രത്തോളം വേദനിച്ചിട്ടുണ്ടാവും.?ആ വേദനയുടെ കനലിന് മറുപടിയായ് ഇവര്‍ എന്ത് മറുപടിയാവും പറയുക?.മാതൃത്വത്തിന്ന് മതത്തിന്റെ വേലിയില്ലെന്ന പാഠം പോലും മറന്ന ഇക്കൂട്ടര്‍ ഏത് മാതാവിനെയാണ് സേവിക്കുന്നത്.? അവിശ്വാസിയായ മാതാവിനെ പോലും സേവിക്കാനുള്ള പ്രവാചക പാഠങ്ങള്‍ മറന്ന ഇവര്‍ എവിടെ നിന്നാണ് മത തത്വങ്ങള്‍ പഠിച്ചതെന്നും മനസ്സിലാകുന്നില്ല.എങ്കില്‍ വെറുതെയാവില്ലല്ലോ വിമര്ശകരുടെ വിമര്ശനം.അതിലും കഴമ്പുണ്ടാകുമെന്ന് നിഷ്പക്ഷരായ ആളകള്ക്ക് വിലയിരുത്താവുന്നതേയുള്ളൂ.കരഞ്ഞും പിഴിഞ്ഞും ക്ഷീണിച്ച ഈ മകളെ ഒന്നോര്ത്തുകൂടായിരുന്നോ ഈ വര്ഗ്ഗ വാദികള്ക്ക്. ഈ ഒരു ദിനത്തിനായ് കാത്തിരിക്കുന്ന പെണ്‍കുട്ടിയുടെ അവസ്ഥ മനസ്സിലാക്കാന്‍ മാത്രം ബുദ്ധിയില്ലാത്ത ഇവര്ക്ക് ഉള്ക്കൊള്ളുന്ന ആദര്ശം ഏതാണെന്ന് മനസ്സിലായിട്ടുണ്ടാവുമോ ആവോ..?.
                 അന്നേ ദിവസം ഒഴുകിയെത്തിയ ജന സാഗരങ്ങള്‍ വിളിച്ചു പറഞ്ഞ ചില നഗ്ന സത്യങ്ങളുണ്ട്. 1000വും 2000വും നെല്കി സഹായ ഹസ്തങ്ങള്‍ നീണ്ടു. കടങ്ങള്‍ വീട്ടപ്പെട്ടപ്പോള്‍ വെട്ടിലായത് (ഈ...) സുന്നീ ആദര്ശ ധീരരാണ്.കാര്യങ്ങള്‍ കൈവിട്ടു പോയി എന്നതിനേക്കാള്‍ മാനവും പോയി എന്നതാണ് ഗുണ പാഠം. ഇനി കാത്തിരിക്കാം നേരിട്ടു കാണാന്‍.മാലോകരറിയട്ടെ ടെലിവിഷനിലൂടെ ഈ പുതിയ ആദര്ശ സമര രീതികള്‍.സ്വന്തം പെണ്‍ മക്കളെ കെട്ടിച്ചു കൊടുക്കേണ്ടതില്ല. പക്ഷെ, പെണ്ണ് എന്ന പരിഗണയെങ്കിലും മാനിച്ച് പൊതു സാമൂഹിക ബാധ്യത നിറവേറ്റണ്ടതില്ലേ. അതിനാണല്ലോ വയനാട്ടിലെയും മറ്റും യതീം ഖാനകള്‍ കേന്ദ്രീകരിച്ച്  സമൂഹ വിവാഹ ചടങ്ങുകള്‍ വരെ നടത്തുന്നത്. അല്ലെങ്കില്‍ നല്ല പിള്ള ചമയാനോ?ഇതര സമുദായങ്ങളില്‍ സ്പര്‍ദ്ധ സൃഷ്ടിക്കാനോ.?മൂലയിലിരിക്കുന്ന മഴു അവിടെത്തന്നെ കിടന്നോട്ടെ.അതാണു സമുദായത്തിന്നും നല്ലതെന്ന് തേന്നുന്നു.നമ്മുടെ കുറവുകളും പോരായ്മകളും മറ്റുള്ളവരം കാണിക്കുന്നതിന്റെ സാംഗത്യം മനസ്സിലാകാതെ പോകരുത്. 
                            വിവാഹം മംഗളമായിത്തന്നെ നടന്നു. വിവാഹിതര്‍ പുതിയ ജീവിതവും തുടങ്ങി.ഇനി ആര്ക്കുംഅതില്‍ ഇടപെടാന്‍ കഴിയില്ലല്ലോ.അവര്‍ കുടുംബ ജീവിതം നയിക്കട്ടെ സുഖമമായി.നല്ലൊരു ജീവിത വിജയത്തിനായി നമുക്കി പ്രാര്ത്ഥിക്കാം. അപ്പോഴും ബാക്കിയാവുന്ന ചില ചോദ്യങ്ങള്‍ നമ്മളെ കൊഞ്ഞനം കുത്തുന്നുണ്ട്. നിര്മ്മലമായ ആ പെണ്‍കുട്ടിയുടെ ഹൃദയമറിഞ്ഞുള്ള പ്രാര്ത്ഥനയില്‍ ദൈവവിശ്വാസികളെന്ന് പറയുന്ന ഈ കൂട്ടരുടെ പാശ്ചാത്താപം പോലും സ്വീകരിക്കപ്പെടുമോ ആവോ..? വ്യക്തി ഹത്യക്കതിരെ ഇസ്ലാമിന്റെ സമീപന രീതി എന്താണ്?പാപ മോചനത്തിന്റെ ആവശ്യങ്ങള്‍ എന്തൊക്കെയാണ്?മറക്കാന്‍ പാടില്ലാത്ത ഇത്തിരി കാര്യങ്ങള്‍ മാത്രം ഇവിടെ കുറിച്ചിട്ടുവെന്ന് മാത്രം. കുറിക്കാനിനിയും നിരവധിയാണ്. ഇത് ഒരു വര്‍ഗ്ഗ ബ്ലോഗ് അല്ലാത്തതിനാലും, മറക്കപ്പെടെണ്ട ചില പോരായ്മകള്‍ ഇതര സമൂഹങ്ങള്‍ കൂടി അറിയേണ്ടതില്ലാ എന്നതിനാലുംഇവിടെ അവസാ
നിപ്പിക്കുന്നു.ഇനിയും നടക്കാന്‍ പാടില്ലാത്ത സാമൂഹിക തിന്മകള്‍ക്കെതിരെ ഉറക്കെ ശബ്ദിക്കാനും , തൂലിക ചലിപ്പിക്കാനും നാം സന്നദ്ധരാവണം.അതിന്ന് വേലിക്കെട്ടുകള്‍ തടസ്സമാവകരുത്. സമ്പൂര്ണ്ണ ജീവിത പദ്ധതി ദാര്ശനികമായി ഉള്ക്കൊള്ളുക.എങ്കില്‍ സുമംഗളകരമായ ഭാവി നമുക്ക് പ്രതീക്ഷിക്കാം. ആരുടെയും പക്ഷത്തേക്കാ
ളും വലിയ പക്ഷമാണ് ഇരയുടെത് എന്നതാണ് ഇതിന്റെ പ്രേരകം.

2010, ജൂൺ 1

ഇടം കയ്യിലെ വലിയ സ്കെയില്‍...


മൂക്കൊലിപ്പിച്ചു നടക്കുന്ന കാലം..എപ്പോഴും ചൂണ്ടു വിരലുകള്‍  മൂക്കിന്‍റെ രണ്ട് തുളകളിലും അതിക്രമി
ച്ചു കയറി കൊണ്ടിരിക്കും..പയ്യെ പയ്യെ വായിലേക്കും..സുന്നത്ത് കല്ല്യാണം എന്ന് കേട്ടപ്പോള്‍ ഞാനന്ന് ആവേശം കൊണ്ടിരുന്നു..കല്ല്യാണം...ബിരിയാണി..പിന്നീടാണറിഞ്ഞത് സംഗതി ഇത്തിരി ഗുലുമാലാണെന്ന്..അന്ന് മുതല്‍ ആരെയും
വിശ്വസിക്കാറില്ല..പ്രത്യേകിച്ച് കല്ല്യാണത്തിന്ന് മുമ്പ് വല്ലതും കൂട്ടി പറഞ്ഞാല്‍..ഇന്നും ആ ഞെട്ടല്‍ മാറിയിട്ടില്ല..കത്തി കൊണ്ടല്ലേ പണി പറ്റിക്കുന്നത്..
ഒന്നാം തിയ്യതിയാണെന്ന് തോന്നുന്നു..മുമ്പേ വാങ്ങി വെച്ച
ബാഗും കുടയും ചെരിപ്പും ഡ്രസ്സും എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു..സ്കൂളില്‍ പോകാന്‍ നല്ല ആവേശവും ഉണ്ടായിരുന്നു..പക്ഷേ, പിറ്റെ ദിവസം രാവിലെ ആയപ്പോള്‍ ആകെപ്പാടെ ഒരു വൈക്ലബ്യം..എല്ലാരും ഒരുക്കത്തിലാണ്.. എന്നെ കുളിക്കാന്‍ വിളിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ആ കത്തിയാണ്.. ഒസ്സാന്‍ കത്തി..അന്ന് കല്ല്യാണം പറഞ്ഞ് പറ്റിച്ചതാ...ഇപ്പം സ്കൂളില്‍ കളിക്കാന്‍ പോവാണത്രേ...!!!എന്തായാലും ഞാനില്ല.. ഈ വല്ല്യോന്മാരെല്ലാം കൂടി എന്നെ പറ്റിക്കുമെന്നെനിക്കറിയാം..
        അങ്ങിനെയിരിക്കെ ഒരു കിടിലന്‍ ഓഫറുമായി പിതാശ്രീ രംഗത്തെത്തി..സ്കൂളിന്‍റെ അടുത്തുള്ള കടയില്‍ നിന്നും തേന്‍മിഠായിയാരുന്നു ഓഫര്‍..നാവില്‍ വെള്ളമൂറി..പിന്നെ ഭരണികള്‍
ഓരോന്നായി മിന്നി മറിയാന്‍ തുടങ്ങി..അവിടെയെത്തിയാല്‍ പിന്നെ വാശി പിടിക്കാലോ..ഞാനും സമ്മതിച്ചു...ഉമ്മ തന്നെ കുളിപ്പിക്കണമെന്ന് എനിക്ക് വാശി...അതിനും കാരണമുണ്ട്..എന്‍റെ മുത്ത ഇത്തയുടെ നുള്ളല്‍ അത്രയ്ക്ക് കടുപ്പമായിരുന്നു...ഒന്നിളകിയാല്‍ കിട്ടും കബലീസിന്‍റെ നുള്ള്..
..അത് ബാല പീഠനമാണെന്നെനിക്കന്നറിയില്ലായിരുന്നു..അല്ലേലും ഇമ്മാതിരി നുള്ളല്‍..!!അവസാ
നം ഉമ്മ തന്നെ ഏറ്റെടുത്തു ആ ഉത്തരവാദിത്തം..ഉമ്മയുടെ ആ സ്നേഹ തലോടലും,പിറുപിറുക്കലും ഇന്നും കണ്ണുകളില്‍ സന്തോഷാശ്രു പൊഴിക്കുന്നു...ഉമ്മയ്ക്കൊരു ചക്കരയുമ്മ..അപ്പോഴും എന്നെ
ക്കുറിച്ചായിരുന്നു അവരുടെ സംസാരം...എന്‍റെ കുരുത്തക്കേട് അറിയാവുന്നത് കൊണ്ടാവും..
വലിയ ബാഗും, ചെവിയും കണ്ണുമുള്ള കുടയും, കത്തുന്ന ഷൂസും, പുതു മണമുളള ഉടുപ്പുമെല്ലാം എന്നെയേറെ താല്‍പ്പര്യപ്പെടുത്തി..അണിഞ്ഞൊരുങ്ങിയപ്പോഴേക്കും നല്ലൊരു മൊഞ്ചന്‍ തന്നെ..ഓരോരുത്തരായി വാരിയെടുത്തി ഉമ്മ തരാന്‍ തുടങ്ങി..മൂത്ത ഇത്തയുടെ വക 50 പൈസയും കിട്ടി.
സന്തോഷം ഇരട്ടിച്ചു..അടുത്തു തന്നെയാണ് സ്കൂള്‍..എന്‍റെ ചെറിയ പെങ്ങള്‍ ഭൂജാതയായിട്ടെയു-ള്ളൂ..അവളെ വിട്ട്
സ്കൂളില്‍ പോകുന്ന കാര്യം..സ്കൂളിലേക്ക് നീങ്ങി..ഉമ്മയുടെ കയ്യില്‍ നിന്നും പിടിച്ചു പറിച്ചത് ബാപ്പയാണ്..കരച്ചില്‍ ഇല്ലാതല്ല..ദൈന്യമായി സ്കൂളിലേക്ക്...ഇടി വെട്ടി പെയ്യാന്‍ കാത്തിരിക്കുന്ന കാര്‍ മേഘം പോലെ എന്‍റെ വെളുത്ത മുഖം കറുത്തു..ചുണ്ടുകള്‍ മലര്‍ന്നു..ബാഗും തൂക്കി ഉപ്പ എന്‍റെ കയ്യും പിടിച്ചു നടന്നു...സ്കൂളിന്‍റെ അടുത്തെത്തിയപ്പോയേക്കും
പൂരം തുടങ്ങിയിരുന്നു..വെടിക്കെട്ട്...അമ്മമാരുടെ കയ്യില്‍ തൂങ്ങിയാടുന്ന കുട്ടികളാരും നല്ല മുഖ ഭാവത്തിലല്ല..ഞാനെന്തോ ചെയ്ത പോലെ അവരുടെ നോട്ടം..വീട്ടിലായിരുന്നെല്‍ ഒന്ന് കൊടുത്തെനെ..ബലൂണുകള്‍ തൂക്കിയിരിക്കുന്നു..പോയ വര്‍ഷത്തെ കൂട്ടുകാര്‍ക്ക് വല്ലാത്തൊരു സുഖം പോലെ ഞങ്ങളെ കണ്ടപ്പോള്‍..ഇളിക്കുന്നു..അവരും ഇങ്ങനെ വന്നതാണെന്ന് അവര്‍ മറന്നു പോയീന്നു തോന്നുന്നു..മെല്ലെ ഞാനൊന്ന് ക്ലാസ്സിലേക്ക് എത്തി നോക്കി...ഒരു തടിയന്‍ മാഷ് പാട്ടു പാടുന്നു..കുട്ടികളൊന്നും മിണ്ടുന്നില്ല...എന്നെ പിടിച്ചവിടെയിരുത്തി..റബ്ബര്‍ പന്ത് കണക്കെ ഞാന്‍ തെറിച്ചു പോന്നു..""ഹെയ്"" എന്‍റെ എല്ലാ ഉഷിരും ആ ശബ്ദത്തോടെ
നിന്നു..എല്ലാരും നിശ്ശബ്ദരായി..ഞാനും..ഉപ്പ കണ്ണിട്ടു...മിണ്ടണ്ട..
ഞാനൊന്നും മിണ്ടിയില്ല..എന്നാലുംകാല്‍ തരിക്കുന്ന പോലൊരു
തോന്നല്‍..എന്‍റെ തേന്‍ മിഠായി കയ്യില്‍ അലിഞില്ലാതായി..
ഞാന്‍ തന്നെ ഇല്ലാതായ പോലെ..മുള്ളണം എന്നൊരു തോന്നല്‍.
മിണ്ടാന്‍ പറ്റില്ലല്ലോ..ഇനി പിടിച്ചാല്‍ കിട്ടില്ലെന്നുറപ്പായി..
ഇരുന്ന കസേരയില്‍ നനവു തുടങ്ങി..ഞാനൊന്നും മിണ്ടിയില്ല..
മറ്റൊന്നും പറ്റാതിരുന്നത് മഹാ ""ഫാഗ്യം"".മിഠായി വിതരണം തുടങ്ങി..ഇനി പായസവും വരുമെന്ന് ആരോ പറഞ്ഞു..
ചെറിയൊരു പുഞ്ചിരി വിടര്‍ന്നു..എന്നിട്ടും ആ ശബ്ദം.!!
        മെല്ലെ പുറത്തൊക്കെ നോക്കാന്‍ തുടങ്ങി...ഉപ്പ അവിടെ തന്നെ ഉണ്ട്..അതാ വരുന്നു ഒരു മാഷ്..വലിയ വട്ട കണ്ണട..വെ
ളുത്ത മുടി..ഇടത് കയ്യില്‍ മരത്തിന്‍റെ ഒരു വലിയസ്കെയിലും...
ആകെ വിയര്‍ത്തു..ഞാന്‍ കണ്ണ് വലിച്ചു..ഇടം കണ്ണിട്ട് മാഷെ
തന്നെ നോക്കി കൊണ്ടിരുന്നു.മാഷ് ആരെയോ വിളിച്ചതാ..
എന്‍റെ കരച്ചില്‍ അണ പൊട്ടി..കൂടെ കൂട്ടു കാരും കൂടിത്തന്നു.
.ചില്ലു നിറഞ്ഞ കണ്ണുകളില്‍ കണാരന്‍ മാഷിന്‍റെ നൂറു രൂപങ്ങള്‍  തിളങ്ങി..സ്കെയിലിന്‍റെ നീളവും കൂടുന്ന പോലെ..കരച്ചില്‍ സഹിക്കവയ്യാതായപ്പോളാണ പിതാശ്രീ ഇടപെട്ടത്..ഹാവൂ ..
ആശ്വാസമായി...ഉപ്പുയുടെ വെള്ള മുണ്ടിനിടയിലൂടെ കണാരന്‍
മാഷിന്‍റെ ഇടം കയ്യില്‍ തന്നെ നോട്ടമിട്ടു.."കാക്കെ കാക്കെ
 കൂടെവിടെ..കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ..." ഇമ്മാതിരി വടി കണ്ടാല്‍ കാക്ക പോയിട്ടൊരു ഉറുമ്പ് പോലും അതു വഴി വരില്ലെന്നുറപ്പാണ്...മാഷ് ഒഫീസിലേക്ക് പോയപ്പോളാണ്
ശ്വാസം വീണത്..എക്കിട്ടെടുത്തൊരു ശ്വാസം വിട്ടു..നാളെ ഇങ്ങോട്ടേക്കില്ല...അധ്യായനത്തിന്‍റെ ആദ്യ ദിനം കണ്ട ആ സ്കെയിലും കണാരന്‍ മാഷും ഇന്നും ഒരോര്‍മ്മയാണ്..ഇന്ന്   ജൂണ്‍ ഒന്ന് ..ഓര്മ്മയിലെ ആ കുട്ടിക്കാലം വല്ലാതെ ഓര്‍ത്തു പോകുന്നു...തിരികെക്കിട്ടാന്‍ കൊതിക്കുന്ന ആ ബാല്യം..ഓര്‍മ്മയുടെ പച്ചപ്പായ് ഇന്നും അവശേഷിക്കുന്നു..

2010, മേയ് 27

സ്ത്രീയും ചില ഊരാക്കുടുക്കുകളും

കോഴിക്കോട്: പാര്‍ട്ടിയുടെ ഏതു തലങ്ങളിലും വനിതകള്‍ക്ക് കടന്നുവരികയും പങ്കാളിത്തം വഹിക്കുകയും ചെയ്യാമെന്ന് മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. അന്തസും മാന്യതയുമുള്ള വസ്ത്രധാരണത്തോടെയും ഉന്നത നിലവാരത്തോടെയും സ്ത്രീകള്‍ പൊതുരംഗത്തുവരുന്നത് പ്രോല്‍സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.എച്ച്. ഓഡിറ്റോറിയത്തില്‍ വനിതാലീഗ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 സ്ത്രീ സംവരണത്തിന്റെ ആളുകള്‍ തങ്ങളാണെന്ന് പ്രചരിപ്പിക്കുന്ന ഇടതുമുന്നണിയില്‍പോലും നാമമാത്ര സ്ത്രീ പ്രാതിനിധ്യേമയുള്ളൂ. സ്ത്രീ സംവരണം ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നും പൊതുരംഗം കൈയടക്കാമെന്നും ആരും മനപ്പായസമുണേ്ണണ്ട. ലാഭം കണക്കുകൂട്ടിയും 'സ്‌പെയ്‌സ്' ഉണ്ടെന്ന് കരുതിയും ചില മതസംഘടനകളും രംഗത്തുവരുന്നുണ്ട്. എന്നാല്‍ അവരുടെ ലക്ഷ്യം വിജയിക്കില്ല. മതബോധമുള്ള വിദ്യാസമ്പന്നരായ നിരവധി സഹോദരിമാര്‍ ലീഗിലുണ്ട്. താഴെ തലംതൊട്ട് നിയമസഭ, ലോക്‌സഭാ അംഗത്വത്തില്‍വരെ ചെന്നെത്താന്‍ യോഗ്യതയുള്ളവരാണ് അവര്‍. അച്ചടക്കമില്ലാതെ മനുഷ്യപ്രകൃതിക്ക് നിരക്കാത്തവിധം സ്ത്രീ വിമോചനമെന്ന് പറഞ്ഞ് പ്രവര്‍ത്തിക്കുന്നവരോട് ലീഗിന് ബന്ധമില്ല. അത്തരക്കാരുടെ ആശയത്തിന് വിരുദ്ധമാണ് പാര്‍ട്ടിയുടേത്. സ്ത്രീകള്‍ക്ക് ഇണങ്ങുന്ന അച്ചടക്കത്തോടെയും വസ്ത്രധാരണത്തോടെയും വനിതകള്‍ പൊതുരംഗത്തിറങ്ങുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
                                               ഇതു കാണുക.തുടര്‍ന്ന് വായിക്കുക.
                               ************************************************
 

                            ************************************************** 
    നാം കണ്ടിരിക്കണം ഇത്..ജമാഅത്ത് വനിതകള്‍ നിള തീരത്ത് കൂടിയപ്പോള്‍ സമ്മേളനം ചേര്‍ന്ന നമ്മുടെ ഖാസിമിമാരും ഫൈസിമാരും രംഗത്ത് വരണം. നമ്മുടെ പണ്ഡിതന്മാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നത് ശരിയാണോ.. ഇതാണ് ശരിയെങ്കില്‍ പിന്നെ നാം ഒച്ച വെച്ചത് എന്തിന് വേണ്ടിയായരുന്നു? ജമാഅത്തുമായി ഇവര്‍ നടത്തിയ ചര്‍ച്ച എന്തിന്നു വേണ്ടിയായിരുന്നു? തൊട്ടു കൂടാത്തവരായിരുന്നു അവരെങ്കില്‍ പിന്നെ സമുദായത്തിന്‍റെ രാഷ്ട്രീയവും, വിദ്യാഭ്യാസവും അടങ്ങിയ കാര്യങ്ങള്‍ എന്തിന്ന് അവരോടൊപ്പമിരുന്ന് ചര്‍ച്ച ചെയ്തു?
                അറിയാം, അതൊന്നുമല്ല കാര്യം.. ആരെയും പിണക്കാതെ അധികാരത്തിന്‍റെ
അപ്പക്കഷ്ണ-ത്തിന്നു വേണ്ടി മാത്രം (പണ്ഡിതന്മാരടക്കമുള്ളവര്‍)കപടവേഷംഅണിയുമ്പേള്‍
,ചവിട്ടി മെതിക്കപ്പെടുന്ന സമുദായത്തിന്‍റെ നെഞ്ചകം നാം കാണാതിരിക്കുന്നത്
അപായമാണ്.താന്താങ്ങളുടെകേവല നിലനില്‍പ്പിനേക്കാള്‍ഇസ്ലാമിന്‍റെകാവലാളുകളാവേണ്ടവ
രല്ലേമുസ്ലിങ്ങള്‍.മറ്റുസമൂഹത്തിന്ന്മാതൃകയാവേണ്ട ഉത്തമ സമുദായമല്ലേ മുസ്ലിംങ്ങള്‍. ഇതു
വായിക്കുന്ന അമുസ്ലിം സഹോദരങ്ങളെ മുന്നില്‍ കണ്ട് കൊണ്ടാണ് എന്‍റെ ഈ ചോദ്യങ്ങള്‍.
     എന്തായിരിക്കുംഇത്തരം ഒരു അവസ്ഥയില്‍ അവരുടെകാഴ്ച്ചപ്പാടുകള്‍.വിലയിരുത്തലുള്
ഊഹിക്കാവുന്നതേയുള്ളൂവെന്ന് വിനീതമായി പറഞ്ഞു വെക്കട്ടെ.സമുദായത്തേക്കാളുപരി
സമൂഹത്തിന്നുംവേണ്ടിയാണ് ഇസ്ലാം എന്ന് വലിയ വായില്‍ പറഞ്ഞു നടന്നാല്‍ മതിയോ.?
 അത് പ്രവര്‍ത്തനത്തില്‍ കൊണ്ടു വരാന്‍, ജീവിതത്തില്‍ മാതൃക യാക്കാന്‍ മുസ്ലിം സമൂഹം
 സന്നദ്ധരല്ലെങ്കില്‍ പിന്നെ, ഈ മതത്തിന്‍റെ കൊടി പിടിക്കാനുള്ള അവകാശം ഏത് വായാടിക
ള്‍ക്കുള്ളതാണെന്ന്വ്യക്തമാക്കാനെങ്കിലും സന്നദ്ധരാവേണ്ടതില്ലേ. ഉള്ള സമയം മറ്റുള്ളവരെ വെറുതെ തീവ്രവാദികളാക്കുന്നതിന്ന് പകരം സേവന സന്നദ്ധരാവുന്നതാണ് ഉചിതമെന്ന്
തേന്നുന്നു.ഇത് എന്‍റെ വ്യക്തിപരമായ അഭിപ്രായം. യോജിക്കാം വിയോജിക്കാം.എന്നാലും കാരണം എന്തെന്ന് വ്യക്തമാകാനും, ആക്കാനും ശ്രമിക്കണം. അറിയട്ടെ ജനം. അവര്‍ക്കുമി
ല്ലേ അറിയാനുള്ള അവകാശം.

2010, മേയ് 14

വേലിയിറക്കം..

കൂരയില്ലാത്തവന്‍റെ
കൂമ്പിനു മേലെ
കാക്കിക്കാരന്‍റെ കൊട്ട്.
കൊട്ടു കിട്ടി പിടഞ്ഞിട്ടും
പണം കണ്ടപ്പോള്‍ "കാക്ക"
മലക്കം മറിഞ്ഞു..!!

മന്ത്രിയുടെ തന്ത്രവും,
പത്രത്തിലെ ചിത്രവും,
മന്ത്രിക്ക് മുദ്ര കുത്തി,
ചാണക മുദ്ര!!

ചുവപ്പിച്ച കൊടികളില്‍
മനുഷ്യന്‍റെ പച്ച മണം..!
ഭരണ  സിരകളില്‍
ആര്‍ത്തിയുടെ മരണപ്പാച്ചില്‍..!!

വിപ്ലവ യൌവ്വന മുഷ്ടിയിലാരോ
ഭീരുത്വത്തിന്‍റെ
വിത്ത് മുളപ്പിച്ചിരിക്കുന്നു..!?
വിത്ത് മുളച്ചാലും, ഇല്ലേലും
വിത്തിന് ഗുണം പത്ത് തന്നെ.

വാക്കിലും നോക്കിലും കര്‍മ്മത്തിലും
വേലിയേറ്റം സൃഷ്ടിച്ചയീ-
വിപ്ലവത്തിന്‍റെ- വേലിയിറക്കവും

ഇത്ര മേല്‍ അതിശയമോ..??!!

2010, മേയ് 6

അതിരുകള്‍...


















അതിരു വരഞ്ഞ സ്നേഹത്തിനപ്പുറം
അക്ഷമനായൊരാള്‍ കാത്തിരിക്കുന്നുണ്ടാവും..
തകര്‍ച്ചയുടെ നെരിപ്പോടില്‍
ആഹ്ലാദത്തിന്‍റെയലകള്‍ തീര്‍ക്കുന്നുണ്ടാവും..
അന്യന്‍റെതിനുള്ള ഗുണവും മണവും
അയാളെ വികാരഭരിതനാക്കുന്നുണ്ടാവും..
അതിനാല്‍,
നിറഞ്ഞു തുളുമ്പുന്ന സ്നേഹം
അതിരുകള്‍ ഭേദിക്കാതിരിക്കാന്‍
ചുറ്റു മതിലുകളും,വേലികളും
അനിവാര്യമായിരിക്കുന്നു...
നോക്ക്,വാക്ക്,ഭാവം ഇവ-
അവിശ്വസനീയമായി മാറിയിരിക്കുന്നു...
മാറ്റങ്ങളില്‍ മരവിച്ചു പോയ സ്നേഹം
മറ്റൊരു ലോകം തേടുന്നുണ്ടാവും...

2010, ഏപ്രി 23

ഈ മണ്ണ് നമ്മുടേത്...!

ഈറന്‍ നിറഞ്ഞൊരീ കണ്ണിലും കരളിലും
ജീവന്‍ തുടിപ്പിന്‍റെ പൊന്‍ തിളക്കം..
ഈ നാട്ടിലാറടി മണ്ണിന്നു വേണ്ടി നാം
ജീവന്‍ ത്യജിക്കുവാന്‍ സന്നദ്ധരാം..
ഈ കൈകളെറിയുന്ന കല്ലുകള്‍ തേടുന്നു
ജൂതന്‍റെ ഹീനമാം മാറിടത്തെ..
ഇരകളെത്തേടുന്ന സമ്മര്‍ദ്ധ തന്ത്രത്തിലു-
ലയാത്ത ധൈര്യമാണിന്നു ശക്തി..
ഇരമ്പിയാര്‍ന്നെത്തുന്ന തീ ചൂളകള്‍ക്കിനി
ജ്വലനം അസാധ്യമാണതിനു മേലെ..
കണ്ടു മടുത്തൊരീ രക്തക്കറകളില്‍
ജൂത നാശത്തിന്നലയൊലികള്‍...
ഈ മണ്ണില്‍ ബാക്കിയായീരുള്‍ താഴ്വരയില്‍
പ്രിയതമര്‍ തന്‍ തിരു ശേഷിപ്പുകള്‍..
ഈ കാലമത്രയും അതിരുകള്‍ക്കപ്പുറം
ജൂതപ്പടകളെ നിര്‍ത്തി നമ്മള്‍..
ഈ ലോകമാകയും പാടിപ്പുകഴ്ത്തുന്നു
വിശ്വം ജയിക്കും വിശ്വാസികള്‍ നാം..
ഈ നെഞ്ചകത്തിലെ പച്ചക്കരളിതാ
വിപ്ലവകാരികള്‍ക്കായി തരുന്നു..
അന്തരാളങ്ങളില്‍ അനുഭവിക്കുന്നു ഞാന്‍
വിജയാരവത്തിന്നിതാന്ത സുഖം..
പോവുക മുന്നോട്ട്, പറയുവാനുച്ചത്തില്‍
നമ്മളീ മണ്ണിന്‍റെ മക്കളെന്ന്...

2010, ഏപ്രി 10

വാടാത്ത പൂവ്

!..ഇസ്രയേലിന്‍റെ ഇര..!
..സമര്‍പ്പണം..എല്ലാ കുരുന്നുകള്‍ക്കും..
 
വിടര്‍ന്ന കണ്ണുകളില്‍
വിരിയാത്ത സ്വപ്നത്തി-
ന്നിളം മൊട്ടുകള്‍..
വാടാത്ത ചുണ്ടുകളില്‍
മരിക്കാത്ത ജീവന്‍റെ
 മന്ദസ്മിതം..
ചോരക്കറ പുരണ്ട
തുടുത്ത മുഖത്ത്
ജൂത വിനാശത്തിന്‍റെ
ചുവന്ന വരകള്‍...
വെടിയുണ്ടകളില്‍ തകരാത്ത
ഉറച്ച നെഞ്ചില്‍
ചരിത്രത്തിന്നടയാളപ്പെടുത്തലുകള്‍..  
മടിക്കാതെ മിടിക്കുന്ന
മൃദുല ഹൃദയത്തില്‍
മരിക്കാത്ത ഓര്‍മ്മകളുടെ
കുഞ്ഞോളങ്ങള്‍
നിഷ്കളങ്ക മനസ്സിന്‍റെ
നിതാന്ത തേട്ടം
നിഷ്ഠൂര ജന്മങ്ങളുടെ നാശത്തിനായീ...
വാടാത്തയീ മുഖം
അധിനിവേശത്തില്‍ തളരാത്ത
കുരുന്നു ലോകത്തിന്നാവേശ പ്രതീകം..
കരളു പിളര്‍ന്നാഴ്ന്നിറങ്ങിയ
വെടിയുണ്ടകളേക്കാള്‍,  
കൂടു വിട്ട കുഞ്ഞു ജീവനേക്കാള്‍,  
തളരാത്ത,തകരാത്ത
ഇന്‍തിഫാദയുടെ ഇന്‍ക്വിലാബുകള്‍
മുഴങ്ങിക്കേള്‍ക്കുന്നുണ്ടീ നെഞ്ചകത്തില്‍..
കൂര്‍ത്ത്,മൂര്‍ത്ത കല്ലുകളുമായ്
അബാബീലുകളുടെ വരവ്
ഈ നോട്ടത്തിനന്ന്വര്‍ത്തമാണ്..
ആത്മ ധൈര്യത്തിനനശ്വര-
പ്രതീകമായീ മുഖം നമ്മളില്‍
ഉള്ളുണര്‍വ്വിന്നൂര്‍ജ്ജമായുണര്‍ന്നിരിക്കും..

2010, ഏപ്രി 1

ചൂടും ചൂരും

ഉച്ച ചൂടിന്‍റെ
ഉഛിയിലാണ്
ഫോണ്‍ ബെല്ലടിഞ്ഞത്..
ഊര്‍ജ്ജം മുഴുവന്‍
ഊറ്റിയെടുത്തൊരു മറുപടി:
"ദേ..കിടക്കുന്നു-
പ്രണയം പതിനെട്ട് കഷ്ണം.."!

കൃത്രിമത്തണുപ്പില്‍
ശരീരം തണുക്കുംബോഴേക്കും
മണ്ണിന്‍റെ ചൂടിലേക്കവള്‍
ചേര്‍ന്ന് കിടന്നിരുന്നു..!?

                                      ചൂടും,ചൂരുമില്ലാത്ത
                                     പ്രാണനും,പ്രണയവും
                                     വ്യര്‍ത്ഥ ജീവിതത്തിന്‍റെ
                                     വ്യഥകളത്രേ..!!

2010, മാർ 29

മത നിന്ദയുടെ പുതിയ മുഖങ്ങള്‍

   ഈ വികൃത മുഖം ഓര്‍മ്മയുണ്ടോ..?അഹങ്കാരവും പരിഹാസവും
ഒന്നു ചേര്‍ന്ന ദുശിച്ച മുഖം..മറക്കാന്‍ കഴിയുമോ നമുക്ക്??ഡെന്മാര്‍ക്കെന്ന കിരാതമന്‍മാരുടെ നാട്ടില്‍ ജനിച്ച്, അവിടെത്തന്നെ വിദ്യ(ആ)ഭാസം നേടിയ കാര്‍ട്ടൂണിസ്റ്റ്..കുര്‍ട്ട് വെസ്റ്റര്‍ ഗാര്‍ഡ്..ഡെന്‍മാര്‍ക്കിന്‍റെ സംസ്കാരത്തിന്നും അവരുടെ പത്രസ്വതന്ത്ര്യത്തിന്നും യോജിച്ച വൃത്തികേടുകള്‍  നിറഞ്ഞ മനുഷ്യക്കോലം..മനസ്സും മസ്ത്തിഷ്ക്കവും മരവിച്ച കൂലി തല്ലുകാരനല്ല...കൂലി വരയന്‍..പ്രവാചകന്‍റെ തലയില്‍ ബോമ്പും വാളുമാണ് ഉരുവം കൊള്ളുന്നതെന്ന് പറയാന്‍ ധൈര്യം കാണിച്ച പാതകി..
                                ലോകം മുഴുവന്‍ ബഹുമാനിക്കുന്ന പുണ്ണ്യ നബിയെ അവഹേളിച്ച സന്ദര്‍ഭം ഓര്‍മ്മിക്കുമല്ലോ..സ്വലാഹുദ്ദീന്‍ അയ്യൂബിമാരിലൂടെ കാലഗതി തൊട്ടറിഞ്ഞ വിപ്ലവാനുയായികള്‍ പ്രതികരിച്ചു...സഭ്യതയുടെ സര്‍വ്വ സീമകളും പാലിച്ചു കൊണ്ടു തന്നെ..ലംഘിക്കാന്‍ പിന്തുടരുന്ന സംസ്കാരം അനുവദിക്കുന്നില്ല...അതിന്ന് കൊതിയുമില്ല..പക്ഷേ ഹൃദയതളിരിത സ്നേഹം തന്ന പുണ്ണ്യ നബിയോടുള്ള സ്നേഹം അവരും പ്രകടിപ്പിച്ചു...ഡെന്മാര്‍ക്ക് പിന്‍വലിച്ചു..മാപ്പു പറഞ്ഞു..
പ്രതികരണം ഹമാസിന്‍റെ തീകല്ലുകളായി പരിണമിക്കും മുമ്പേ..അബാബീലുകള്‍  വാനില്‍ പാറി പ്പറക്കും മുമ്പേ..കാലം അധികം വൈകും മുമ്പേ പലരും ശാദ്വല തീരത്തണിഞ്ഞുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം..സത്യം എന്നും സത്യമായിത്തന്നെ നിലനില്‍ക്കുമല്ലോ..
         ഇത് മറ്റൊരുവന്‍...കണ്ണും കയ്യും നിയന്ത്രിക്കാന്‍ കഴിയാത്ത മനോരോഗിയായ സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ്..വരയാന്‍ തുടങ്ങിയാലെ-
നിക്ക് നിയന്ത്രണമില്ലെന്ന് പ്രഖ്യാപിച്ച മഞ്ഞ കണ്ണടക്കാരന്‍ ലാര്‍സ്
വില്‍ക്സ്...ഡെന്മാര്‍ക്കിനെ അക്ഷരം പ്രതി പിന്തുടരുന്ന സ്വീഡിഷിന്‍റെ
വാലാട്ടിയാണിയാള്‍..street installation എന്ന പേരില്‍ ലാര്‍സ് തുടങ്ങിയ
പ്രവാചകനെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ വര, ഈ വയോധികന്‍റെ നരച്ച ചിന്തയുടെ അടയാളപ്പെടുത്തലുകളായിരുന്നു.(കൂടുതല്‍) തന്‍റെ സംസ്ക്കാരം നാല്ക്കാലികളെക്കാള്‍ മോശമാണെന്നയാള്‍  കോറിയിട്ടു..ഒരു ജനതയുടെ വിശ്വാസ സ്വാതന്ത്ര്യത്തിന്ന് മേല്‍ ഇയാള്‍ കടന്ന് കയറി
.സ്വീഡനിലെ ഒരു റൌണ്ട് എബൌട്ടിന് വേണ്ടി പ്രവാചകനെ ടിയാന്‍ ചിത്രീകരിച്ചത്,അതികം  പ്രബുദ്ധരല്ലെങ്കിലും മത വികാരം മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന അവിടുത്തെ മുസ്ലിം സമൂഹം രംഗത്തിറങ്ങി. സ്വീഡന്‍ തെരുവോരങ്ങള്‍ക്ക് വിറങ്ങലിക്കേണ്ടി വന്നു പോയി, ആ ഒഴുക്ക് കണ്ടപ്പോള്‍..അത്യുജ്ജ്വല പ്രവാചക വചനങ്ങളും,ഖുര്‍ആനിന്‍റെ വിപ്ലവ വാക്യങ്ങളും, അവര്‍ മനസ്സിലും കൈകളിലുമേന്തി..സ്വീഡന്‍ തെരുവ് അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു..നോക്കി നില്‍ക്കാനല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാനായില്ല.ലോകത്തിന്‍റെ പിന്തുണ കൂടിയായപ്പോള്‍ അവരുടെ ആവേശം അണ പൊട്ടി..സര്‍ക്കാറുകള്‍ ഇടപെട്ടു..പിന്‍ വലിക്കലും ഖേദപ്രകടനവുംസ്ഥിരംപല്ലവിയായിനടന്നു.
പക്ഷേ,അപ്പോഴേക്കുംവലിയൊരുജനസാമാന്യംഇസ്ലാമിനെപഠിച്ചുകഴിഞ്ഞിരുന്നു.
പലരുംഇസ്ലാമാശ്ലേഷിച്ചു.അതൊരുവിധിയാണ്..വഴിയും.
പഠനത്തിനുള്ളപഴുതുകളാണ്.കണ്ണു തുറക്കാത്ത മുസ്ലിമിന്‍റെ കണ്ണും അവിടെ തുറക്കപ്പെട്ടു. ഉല്‍ക്കടവും ഉദാത്തവുമായ പ്രവാചക സ്നഹം അങ്ങിനെയാണ്.ഉള്ളില്‍ ഉറവെടുത്ത് കൊണ്ടേയിരിക്കും.നന്മയുടെയും സ്നേഹത്തിന്‍റെയും ഉറവ.അതിന് അതിര്‍ വരമ്പുകളില്ല..
                                വിഭിന്നമാണ് ഇന്ത്യയുടെ സംസ്ക്കാരം.സര്‍വ്വ വിശ്വാസികളെയും നെഞ്ചേറ്റിയ
മഹോന്നത മാതൃത്വത്തിന്‍റെ മാതൃക.ആര്‍ക്കും എന്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്രമായ അവകാശം.അത് മൌലികമാണ്,മഹത്തരവും.സര്‍വ്വോപരി സമ്പന്നമാണ് കൊച്ചു കേരളത്തിന്‍റെ
ഇവ്വിഷയകമായ നിലപാടും.മറ്റു സംസ്ഥാനങ്ങളിലെ കലുശിത അന്തരീക്ഷത്തില്‍ നിന്ന് തീര്‍ത്തും
മാറ്റമുണ്ട് നമ്മുടെ കേരളത്തിന്ന്.പരസ്പര ധാരണയും,തിരിച്ചറിവും ലോകത്തോളം ഉയര്‍ത്തി മലയാളി എന്ന വിളി..ഈ പൈതൃകം കണ്ട് പലരും കൊതി പൂണ്ടു.പക്ഷേ,മനോഹരമായ ആപ്പിളിലെ ചെറിയൊരു പുഴുക്കുത്ത് അതിന്‍റെ മനോഹാരിതയും മധുരവും ദുശിപ്പിക്കുന്നത് പോലെ,
ചില ദുശ്ദൃക്കുകള്‍ സമൂഹത്തെയും ദുശിപ്പിച്ചു. മത നിന്ദ എന്നത് പുതിയ രീതിയാക്കിയെന്നതാണ്
പുതിയ സമീപനം.സംശുദ്ധ ജീവിതം കൊതിക്കുന്ന,സദാചാര ബോധമുള്ള മത വിശ്വാസികളെ വിറളി പിടിപ്പിക്കുക എന്നതാണത്.അവരുടെ മൌലിക അവകാശങ്ങളെ ചോദ്യം ചെയ്യുക,അതില്‍
കൈ കടത്തുക എന്നത് എത്രത്തോളം പ്രതിഷേധാര്‍ഹമല്ല.ജീവനു തുല്ല്യം സ്നേഹിക്കുന്നവരെ വൃത്തികെട്ട പദപ്രയോഗം നടത്തി അവഹേളിക്കുകയെന്നത് മാന്യതയ്ക്കു നിരക്കുന്നതാണോ?അധ്യാപകനെന്നാല്‍സംസ്ക്കാരത്തിന്‍റെ സര്‍വ്വസ്സ്വവും
സംഘടിച്ചവന്‍എന്നാണ്..വൈരുദ്ധ്യങ്ങളുണ്ടെങ്കിലും.അംഗീകരി-
പ്പെടുന്നുവെന്നതിനാല്‍ അതിര്‍ലംഘനം നടത്തുന്നത് ഭൂഷണമല്ല
.മഞ്ഞ കണ്ണട ധരിച്ച് മറ്റുള്ളവരെയും മഞ്ഞയായി കണ്ട മനുഷ്യക്കോലം മാത്രമുള്ള മലയാളം മാഷിന്‍റെ ചിത്രമാണിത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം മേധാവിയാണത്രേ.?!
മത വിരോധം മാത്രമല്ലത്രേ ടിയാന്‍റെ അജണ്ട.മറ്റുള്ളവരെ തമ്മി-
ലടിപ്പിക്കുക എന്നതും ഹോബിയാണത്രേ.ഏതാനും ദിവസങ്ങള്‍-
ക്കു മുമ്പ് ഇതേ രീതിയില്‍ ഒരു പുസ്തകം വന്നതും കോലാഹലം സൃഷ്ടിച്ചതും നമ്മള്‍ മറന്നിട്ടില്ലല്ലോ. മതമില്ലാത്ത ജീവനും മതമുള്ള ജീവനും പാഠശാലകളില്‍ ഉടുതുണിയുരിഞ്ഞ് ഓടി നടന്നതും ഈ അടുത്താണല്ലോ..കലാലയങ്ങള്‍ ഇതിന് വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്നത് വേദനാജനകമാണ്.  ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കുന്നത് പോലും ഉചിതമാണെന്ന് ലേഖകന് തോന്നുന്നില്ല.

           പിന്‍കുറിപ്പ്:-             
                   പ്രതികരണം അതി ശക്തമായി.പ്രതിഷേധം കൊടുങ്കാറ്റായി.പ്രകടനങ്ങളും പാര്‍ട്ടി കൊടികളും അണിനിരന്നു.പ്രബുദ്ധ സമൂഹം പെട്ടെന്ന് പ്രക്ഷുബ്ധമായി.പോലീസിന് പോലും പലപ്പോഴും പാടുപെടേണ്ടി വന്നു. മതം ഒന്നാണെങ്കിലും സംഘങ്ങള്‍ പലതാണല്ലോ..വികാരം ഒന്നായത് മഹാ ഭാഗ്യം.. ഐക്യത്തിന്നര്‍ത്ഥം എന്താണെന്ന് ആരും നമ്മളെ പഠിപ്പിക്കേണ്ടതില്ല!?കാരണം തോന്ന്യാക്ഷരങ്ങള്‍ എഴുതാന്‍ നമുക്ക് പത്രങ്ങളുണ്ടല്ലോ..മാസികകളും.ഇതാണ് നമ്മുടെ രീതി.വേണ്ടാത്തരങ്ങള്‍ എഴുതാനും പറയാനും നമുക്കെമ്പാടും സമയമുണ്ട്..സ്റ്റേജും പേജുമുണ്ട്. എങ്കിലും, സ്വയം ഉപദേശിക്കാതെ മറ്റുള്ളവരെ ഉപദേശിക്കുന്ന രീതി ഭൂഷണമാണോ.? തൊടു പുഴ പ്രശ്നം കഴിഞ്ഞിറങ്ങിയ പത്രങ്ങളിലെ വാര്‍ത്തകള്‍ നമ്മള്‍ കണ്ടു..ഐക്യ സംഘക്കാരാണ് പ്രശ്നം കലുശിതമാക്കിയതെന്ന് ഒരു പത്രം. .പച്ചക്കൊടിക്കാരാണ് മുതലെടുത്തതെന്ന് മറ്റൊരു പത്രം.. നാണമില്ലല്ലൊ നമുക്കെന്നോര്‍ത്ത് തല താഴ്ത്താനെ നമുക്ക് കഴിയൂ..മാന്യതയുള്ളവന്ന് കഴിയൂ..എന്നാണവോ നാം നമ്മളെ തന്നെ തിരിച്ചറിയുക.ഏതായാലും വൈകിക്കൂടായെന്നതാണ് എന്‍റെ വിനീതമായ അഭിപ്രായം..പ്രതികരിക്കുക നാം യുവാക്കളെ..നമ്മുടെ മസ്ത്തിഷ്ക്കത്തെ പ്രക്ഷാളനം ചെയ്യാന്‍ നമുക്കനുവദിച്ച് കൂടല്ലോ..നാമാണ് നട്ടെല്ല്..ക്ഷതം സംഭവിച്ചാല്‍ ഗുരുതരമായ അനന്തരഫലം നാം അനുഭവിക്കേണ്ടി വരും തീര്‍ച്ച.