സ്വാഗതം...കൂട്ടുകാരെ...

ജ്വലന വേഗം കുറഞ്ഞപോലെ...തമസ്സിന് വേഗവും...ചെറിയൊരു തിരി കൊളുത്താനുള്ള എളിയൊരു ശ്രമമാണിത്...ഈ വെട്ടത്തിന്ന് വട്ടം കൂടാനെത്തിയ കൂട്ടുകാര്‍ക്ക് സ്വാഗതം...jafmanimala@gmail.com

2009, ഡിസം 31

ഇനിയുമെന്തിന്..?? (കവിത)


ഇന്ന് ഞാന്‍
സൂര്യനെ നോക്കി
ഉയരാന്‍ എന്തോ അമാന്തം!
കാലങ്ങളായി ഉയരുന്നു,
എന്നിട്ടെന്തേ-
യെന്ന ചോദ്യം!!
ഊര്‍ജ്ജം പകരന്തോറും
ഉള്ളിലിരിപ്പ് കൂടുന്നവര്‍ക്കെന്തിന്..?
പകല്‍ വെളിച്ചം
കണ്ണടച്ചിരുട്ടാക്കുന്നവര്‍ക്കെന്തിന്..?
മാനത്തേക്ക് നോക്കിയിട്ടും
മാനമില്ലത്തവര്‍ക്കെന്തിന്..?
മണ്ണിനും വിണ്ണിനും
ചരമ ഗീതം തീര്‍ത്തവര്‍ക്കെന്തിന്..?
ബന്ധങ്ങളില്‍
ബന്ധനം തീര്‍ത്തവര്‍ക്കെന്തിന്..?
അഴികളില്‍
അമ്മയെ ചേര്‍ത്തവര്‍ക്കെന്തിന്..!
ഇനിയും എരിയണം!?
കാലം അതിരിന്നതീതമായും
നമ്മള്‍ കാലത്തിന്നുവിപരീതമായും
തുടരും..
സൂര്യന്‍ അതിന്‍റെ പണിചെയ്യും,
രാപ്പകലുകള്‍ മാറിവരും
പക്ഷേ,
പുതിയത് വന്നാലും
പഴയതായ്  തീര്‍ന്നാലും
നമ്മള്‍ നമ്മളായിത്തന്നെ
തുടരും..
മാറ്റമില്ലാത്ത പാറകളായി..
വെറും പ്രതിമകളായി..!!

2009, ഡിസം 23

നോക്ക് (കവിത)

 






എന്‍റെ 
പുതിയ പ്രവാസജീവിതത്തിലേക്ക്-
അവന്‍റെ 
പ്രായം  ചെന്ന-
പ്രവാസ പരിചിത നോട്ടം.
ജ്വലിക്കുന്ന ആ നോട്ടം -
ഒരു വട്ടമേ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളൂ..
പിന്നെ,
കൈത്തണ്ടയില്‍ നെറ്റിയമര്‍ത്തി-
എന്‍റെ പുതിയ നോട്ടം
എവിടെയൊക്കെയോ
പാഞ്ഞു നടന്നു..

 

2009, ഡിസം 10

സ്ത്രീധനം (കഥ)




കച്ചവടമുറപ്പിച്ച് അവര്‍ തിരിച്ചെത്തി...ഉപ്പയുടെ കണ്ണുകളില്‍ തിളക്കം കൂടിയിരുന്നു..ഉമ്മയുടെ കണ്ണുകളില്‍  ആശ്വാസത്തിന്‍റെ വേലിയേറ്റവും..അകത്ത് പെങ്ങള്‍ പരുങ്ങി നില്‍ക്കുന്നു..അവള്‍ ഈ ജന്മത്തെ സ്വയം ശപിക്കുന്നത് പോലെ തോന്നുന്നു...ഓഹ് ഈ പെണ്‍  ജന്മം..!! വന്നവര്‍ ആവേശഭരിതരായി...കുറഞ്ഞ തുകക്കാ നമുക്ക് ആ ഒന്നാന്തരം ചെക്കനെ ഒത്ത് കിട്ടിയത്...ഉമ്മ ഇടപെട്ടു.." എത്തിരക്കാ ഒറപ്പിച്ചത്..?" നാട്ടു കാരണവന്‍ അഭിമാനത്തോടെ പറഞ്ഞു:"40 പവനും ഒരു ഒന്നര ലക്ഷംഉറുപ്പികയും.."!! ആകെ മൂകമയം..!!വീട്ടിന്‍റെ ചെറ്റച്ചുവരും ഓല മേല്‍ക്കൂരയും അറിയാതെ അവരെ പരിഹസിക്കുന്നിണ്ടായിരുന്നു...! ഉമ്മ മെല്ലെ ഉള്‍ വലിഞ്ഞു..! മോളെ വീട്ടിലെ ആദ്യ സല്ക്കാരം..വിഭവ സമൃദ്ദം..ഉപ്പയുടെ ചന്കില് നിന്ന് തെറിച്ച ഒരു വറ്റ് അളിയന്‍റെ മുഖത്തേക്ക് പാഞ്ഞു...അതിന് ഉപ്പയുടെ ചോര മണമെന്ന് അളിയന്‍റെ മൂക്ക് അടക്കം പറയുന്നുണ്ടായിരുന്നു...എന്നെയും ചോര മണമാണെന്ന് അവന്‍ പറഞ്ഞതായി പെങ്ങള്‍ ഉപ്പയോട് പറയാറുണ്ടായിരുന്നു..!!!?

2009, ഡിസം 3

പിടി വള്ളി ( ദുരന്ത ചിത്രം..!!!)

ഇതില്‍ പരം ഇനിയെന്ത് നെല്‍കാന്‍ !!!!

എല്ലാം ദൈവിക നിശ്ചയം!!!

ലോകരെ ... ജാഗ്രതൈ....!!!

മഹാ ദുരന്തം  (ഇതില്‍ ക്ലിക്ക് ചെയ്യുക)  കാണാന്‍ മറക്കല്ലേ...!!

ഇനിയും മടിക്കല്ലേ  അവനെ വണങ്ങാന്‍!!!!

2009, ഡിസം 1

കാര്‍മേഘം ( കവിത)



മാനം കറുത്തപ്പോള്‍
മനം കുളിര്‍ കൊണ്ടു..
ആരവം മുഴക്കി
അവ തിമിര്‍ത്തിറങ്ങാന്‍ തുടങ്ങി..
കരിഞ്ഞുണങ്ങിയ ഭൂമിയും,
കരഞ്ഞുറങ്ങിയ ഹൃദയവും,
ആഹ്ലാദിച്ചു..
അതിരുകള്‍ ഭേധിച്ച്-
അവ,
അവരെ വാരിപ്പുണര്‍ന്നു..!
ഒരിക്കലും പിരിയാത്ത
ഇണകളായ് അവര്‍,
ഇഴുകി ച്ചേര്‍ന്നു..!!

(ജിദ്ദ പ്രളയ ദുരന്ത സ്മരണയ്ക്കായ്..)

2009, നവം 29

അന്നും ഇന്നും ( കഥ)


അന്ന്,
ഉമ്മയുടെ ലേശം ഉയര്‍ന്ന വയറ്റത്ത് തടവി ഉപ്പ പറഞ്ഞതിങ്ങനെ; "എന്‍റെ പുന്നാര മോനാ നി‍ന്‍റെ വയറ്റില്‍ വളരുന്നത്...അവനെ ഞ്ഞാന്‍ ചക്കരെന്ന് വിളിക്കും...അവന്‍റെ കവിളത്ത് ഞ്ഞാന്‍....".
 ഉടനെ ഉമ്മയുടെ കുസൃതി ചോദ്യം..അതിന് കക്ഷി ആണോ..അതോ..പെണ്ണോ..?
അവന്‍റെ കളി കണ്ടാല്‍ അറിയില്ലേ...ഉപ്പാന്‍റെ മുത്താണെന്ന്..
ഉമ്മടുടെ കണ്ണില്‍ നിന്ന്‌ സന്തോഷാശ്രുക്കള്‍ പൊഴിയുന്നുണ്ടായിരുന്നു..!!

ഇന്ന്,

ഉമ്മയുടെ ലേശം ചുരുങ്ങിയ വയറ്റത്ത് ഉപ്പ വീണ്ടും തടവി..
"എന്തിനാ നീ വയറ് കേടാക്കിയത്...ആരോഗ്യവും...?
ഒരു മൌനത്തിന്‍റെ ഇടവേളയില്‍ എന്തൊക്കെയോ അവര്‍ കൈ മാറുന്നുണ്ടായിരുന്നു..
അര്‍ത്ഥപൂര്‍ണ്ണമായ മൌനത്തില്‍ ഞ്ഞാന്‍ വെന്തുരുകുന്നുണ്ടായിരുന്നു..!!!
തലയണയില്‍ മുഖമമര്‍ത്തി ഞ്ഞാന്‍...!!!
അപ്പോഴും ഈറനണിഞ്ഞ കണ്ണില്‍ പലതും മിന്നി മറിഞ്ഞു..
സന്തോഷത്തിന്‍റെയല്ല....സന്താപത്തിന്‍റെ...!!!
(ശപിക്കാന്‍ മാതൃ ഹൃദയം പാകപ്പെടുമോ ആവോ??!!)


2009, നവം 27

ആഘോഷം ( കവിത)






അവര്‍
പണവും പത്രാസും
          അവരെ          
ആഘോഷഭരിതരാക്കി,
കറക്കിയും ഇറക്കിയും
അവര്‍
അവസരങ്ങളെ
ആഘോഷ പൂര്‍വ്വമാക്കി.
ഞങ്ങള്‍
ഉറക്കത്തിന്‍റെ ആലസ്യവും
മയക്കത്തിന്‍റെ മുഷിപ്പും
 ആഘോഷങ്ങളെ
ഉറക്കിക്കിടത്തി.
മുക്കിയും മൂളിയും   
തിരിഞ്ഞും മറിഞ്ഞും
ഉറക്കത്തെ ഞങ്ങള്‍
ആഘോഷ പൂര്‍വ്വമാക്കാന്‍ ശ്രമിച്ചു.
ഹോണ്‍ മുഴക്കത്തിന്‍റെ
അസഹനീയ ശബ്ദം
അലര്‍ച്ചയായി മാറിയപ്പോഴാണ്
ഞങ്ങള്‍
ഇങ്ങനെ പിറുപിറുത്തത്
" പ്ലീസ്...ഇന്നെന്‍കിലും-
  ഞ്ഞങ്ങള്‍ ഒന്ന് മയങ്ങിക്കോട്ടെ"


2009, നവം 26

ഈദ് സന്ദേശം (ബലി പെരുന്നാള്‍)



സഹന സന്നദ്ധതയുടെ
സഹവര്‍ത്തിത്വത്തിന്‍റെ
സാഹോദര്യത്തിന്‍റെ
സമ സൃഷ്ടി സ്നേഹത്തിന്‍റെ
സഹാനുഭൂതിയുടെ
സമാധാന കാംക്ഷയുടെ
സാഷ്ടാംഗ നമ്യതയുടെ
സന്തുഷ്ട കുടുംബത്തിന്‍റെ
സന്താന പരിപാലനത്തിന്‍റെ
സ്വത്വ ബോധത്തിന്‍റെ
സ്വാര്‍പ്പണത്തിന്‍റെ
സ്വര്‍ഗ്ഗ ലബ്ദി യജ്ഞത്തിന്‍റെ
സാംസ്കാരിക ഔന്നിത്യത്തിന്‍റെ
സാമൂഹിക പ്രതിബദ്ധതയുടെ
സമരാവേശത്തിന്‍റെ
സഹകരണ മനോഭാവത്തിന്‍റെ
സത്യ ദര്‍ശനത്തിന്‍റെ
സാത്വിക ചര്യയുടെ
സംബോധന രീതിയുടെ
സംതൃപ്ത ജീവിതത്തിന്‍റെ
സംഘടിത ശ്രമത്തിന്‍റെ
സംഗമ സുഖത്തിന്‍റെ
സുഖലോലുപത വിരക്തിയുടെ
സ്വതന്ത്ര രൂപം.
സര്‍വ്വലോക-
സൃഷ്ടാവിനെ നമിച്ച
സംപൂജ്യ ജീവിത്തിന്‍റെ
സംബൂര്‍ണ്ണ മാതൃകയായിരുന്നു
സമൂഹമായ് പ്രകീര്‍ത്തിക്കപ്പെട്ട
ഇബ്റാഹീം - ഹാജറ-
ഇസ്മായീല്‍ കുടുംബത്തിന്‍റെ
ഈദ് സന്ദേശങ്ങള്‍....
ജീവിത-
ഇതിവൃത്തത്തില്‍
ഇതിഹാസങ്ങള്‍ രചിച്ച-
ഈ മഹനീയ ജീവിത രേഖയാവട്ടെ-
ഇനി നമ്മുടെയും മാതൃക.
ഈ സന്ദേശങ്ങളാവട്ടെ-
ഇന്നത്തെ ആഘോഷ സന്ദേശം...
ഇവിടെ വഴിവിളക്കും
നേരുന്നൊരായിരം ഈദ് മുബാറക്ക്

2009, നവം 25

പെരുന്നാള്‍ പൊരുള്‍

നോക്കിനേക്കാളുപരി-
വാക്കിനേക്കാളുപരി-
വസ്ത്രങ്ങളേക്കാളുപരി-
ഹൃദയവും ഹൃദയവും
തമ്മിലെ കൂടിച്ചേരലിന്‍റെതാവട്ടെ
ഈ ബലി പെരുന്നാള്‍..
ബലിയറുക്കപ്പെടുന്നത്-         
മനസ്സിലെ മ്ലേച്ഛതകളെയാവട്ടെ...
തക്ബീര്‍ ധ്വനികളിലുയരുന്നത്-                                         
വിശ്വാസത്തിന്‍ ബഹിര്‍സ്ഫുരണങ്ങളാവട്ടെ...
സ്നേഹനിര്‍ഭരമാവട്ടെ-
നമ്മുടെ ആശ്ലേഷങ്ങള്‍...
പുന്‍ചിരിയില്‍ വിരിയുന്നത്-
സ്നേഹ മലരുകളാവട്ടെ...
പുതു മണത്തിന്‍റ നറുമണം-
നിര്‍മ്മലതയുടെ നൈരന്തര്യമാവട്ടെ...
ധവളതയുടെ ധാരാളിത്തം-
സമാധാനത്തിന്‍ വെള്ളരിപ്പ്രാവുകളാവട്ടെ..
കുഞ്ഞുമനസ്സിന്‍റെ ആനന്ദത്തോടൊപ്പം
ഉണ്ടും ഊട്ടിയും-
കളിച്ചും ചിരിച്ചും-
ഈദിനെ ആഘോഷപൂര്‍വ്വമാക്കുബോള്‍,
മറക്കല്ലേ സോദരാ
ധര്‍മ്മമൂല്യങ്ങളെ...
സ്ഥാനവും മര്‍മ്മവും നോക്കി-
സ്ഥായീ ഫലത്തിനായ് യത്നിക്ക നാം...
സഹന പാതയുടെ സന്ദേശം-
സമൃദ്ദമായിരിക്കട്ടെ നമ്മിലും..
ആഘോഷ കരഘോഷങ്ങളുയരുംബോള്‍-
വിശ്വാസ വിശുദ്ധിയുമുയരട്ടെ...

ഏവര്‍ക്കും
വഴി വിളക്കിന്‍റെ
ഒരായിരം
വലിയപെരുന്നാള്‍ ആശംസകള്‍

2009, നവം 22

നിറം മാറ്റം ( കഥ)

കിളി നാദത്തിന്‍റെ സലാം പറച്ചില്‍...ഒരു കയ്യില്‍ വളയം പിടിച്ച് തെല്ലാശ്വാസത്തോടെ  സലാം മടക്കി..മുഖവുരയില്ലാതെ വിഷയത്തിലേക്ക്..ഒരു സാരി വേണം..എല്ലാരും വരണതല്ലേ, നമ്മള് മാത്രം.." വിശദീകരണത്തിന് മുന്നേ മറുപടി വന്നു ..'ഉള്ളത് ഇട്ടു പോയാ മതി...ഞാനല്ലാതെ നിന്നെ ആര് കാണാനാ..?
 ഫോണ്‍ ഡിസ്ക്കണക്റ്റ്...!!!
പിന്നെ ഒരു എസ്.എം.എസ്...
നമ്മള്‍ തമ്മില്‍ പിരിയണമെന്ന് എന്‍റെ മനസ്സ് മന്ത്രിക്കുന്നു..
.ഇനി എപ്പോഴെന്‍കിലും നാം മുഖാമുഖം!!
നിങ്ങള്‍ക്ക് പുതിയ വഴി തേടാം..."
നിമിഷങ്ങള്‍ !!!
മഞ്ഞ സാരിയുടെ നിറം വെള്ളയായതിന്‍റെ വാര്‍ത്തയെത്തി...
അല്പ്പം നീളം കുറവുണ്ട്....
ചുറ്റിക്കെട്ടിന് പകരം മൂന്നു കെട്ടും...
നിറം മാറ്റം വിശ്വസിക്കാനാവാതെ അവന്‍ തളര്‍ന്നിരുന്നു...

2009, നവം 19

ഹൃദയാഘാതം(പദ ഘടന) - കവിത-

വാക്കിന്‍റെ നാനാര്‍ത്ഥങ്ങള്‍
അക്ഷരങ്ങള്‍ക്കിടയിലൂടെ..
പ്രവാസിയുടെ കണ്ണിലൂടെ..
...ചിരിക്കാന്‍ മറന്ന പ്രവാസിയെ-
           പരിഹസിക്കുന്ന അക്ഷരം..
.. ജീവിക്കാന്‍ മറന്ന പ്രവാസിയുടെ-
           കെട്ടു പിണഞ്ഞ അന്ത്യ ചിഹ്നം...
...     ദയ കാട്ടിയ പ്രവാസിയുടെ-
           ദൈന്യതയുടെ മുഖ മുദ്ര....
...   യൌവ്വനം നശിച്ച പ്രവാസിയയ്ക്ക്-
          യാത്ര (വിട) ചൊല്ലുന്ന സിംബല്‍..
..   നീളം കൊതിച്ച പ്രവാസിയെ-
          കെട്ടിച്ചുരുട്ടിയ ദീര്‍ഘം...
... ജീവിതം തീര്‍ന്ന പ്രവാസിയുടെ-
          അവസാനമെടുത്ത ജീവിത ഗ്രാഫ്..
          ബന്ധിതമായ ഈ അക്ഷരം
          ബന്ധനത്തിന്‍റെ കൂടി രേഖയാണ്...
..  ബന്ധനത്തിന്‍റെ ഭയാനതയ്ക്ക്-
         അകാരം നെല്‍കിയ ദീര്‍ഘം..
...  തന്നെ മറന്ന് താനെ ആടിയ-
        പ്രവാസിയുടെ സ്വന്തം " ത"
.. വട്ടപ്പൂജ്യം...
         ഒരു വട്ടത്തിലൊതുങ്ങിയ ജീവിത വൃത്താന്തം..
         ഒരു പൂജ്യം പോലെ ഒതുങ്ങുന്നതിന്‍റെ
         സംപൂജ്യ പദ ഘടന.

         പ്രവാസിയ്ക്ക് ലഭിച്ച-
         പ്രവാസ പുരസ്ക്കാരത്തിന്‍റെ ആകത്തുക.
         ഈ പദത്തിന്‍റെ കടപ്പാട്
        എല്ലാ പ്രവാസികളോടും..
    

2009, നവം 18

വിപരീതങ്ങള്‍

തുടക്കം

ഇടര്‍‌‍ച്ചയോടെ സലാം പറഞ്ഞു...കൂട്ടു കുടുംബങ്ങള്‍ പതിഞ്ഞു മടക്കി..ആരും മുഖത്തോടു മുഖം നോക്കാതെ അങ്ങുമിങ്ങും നോക്കി..അപ്പോഴും തള്ള വിരല്‍ വായിലൊതുക്കി നോക്കുന്ന അവന്‍റെ കണ്ണുകള്‍..ഒരു നിമിഷം തിരികെ നോക്കി .... കൈ വീശി...." തുടക്കക്കാരന്‍ എന്ന നിലയില്‍ തെറ്റുപറ്റിയെന്‍കില്‍ ക്ഷമിക്കണേ എന്നവനും " " ഞമ്മടെ ഭാഗത്ത് പറ്റിയെന്‍കില്‍ എന്നവരും"
തുടക്കത്തിന്‍െറ ആലസ്യം ഇല്ലാതിരിക്കുമോ? ഈ ആദ്യ പെര്‍ഫോമന്‍സില്‍....

ഒടുക്കം

ഒരു കാര്‍ട്ടൂണും വലിയ ഒരു വയറും..പ്രവാസത്തിന്‍െറ ബാക്കി പത്രം...ചൂളം വിളിച്ചിറങ്ങുന്ന വിമാനത്തിന് നേരെ അവര്‍ കൈ വീശുന്നുണ്ടാവാം..സ്നേഹ ബാഷ്പ്പം പൊഴിച്ചവരെ പെട്ടി പൊളിച്ചപ്പോള്‍ കാണാനില്ല...ഒടുക്കം ആശുപത്രിക്കിടക്കിയില്‍ വലിയ വയറിനോടൊപ്പം സുഖ നിദ്ര..

2009, നവം 14

ഡെഡിക്കേഷന്‍











                                                                                       
എന്‍‍ മൃദുല കിനാക്കളില്‍
കനല്‍ നിറച്ചവര്‍ക്ക്..!
എന്‍ ചെറു കുംഭയില്‍
പട്ടണിയുടെ പാഷാണം നിറച്ചവര്‍ക്ക്..!
എന്‍ കരങ്ങളില്‍
കരുത്തിന്‍െറ തയമ്പ് പതിച്ചവര്‍ക്ക്..!
എന്‍ ലോല പാദങ്ങള്‍ക്ക്
മുള്‍വഴികള്‍ തീര്‍ത്തവര്‍ക്ക്...!
എന്‍ കണ്ണുകളില്‍             
അഗ്നി നാളം നല്‍കിയവര്‍ക്ക്..!
എന്‍ നിഷ്കളന്ക മുഖത്ത്                                                                    
പ്രതികാര ഭാവം തീര്‍ത്തവര്‍ക്ക്..!
എന്‍ കാതുകളില്‍
ആലസ്യ സംഗീത വീചി തന്നവര്‍ക്ക്..!
എന്‍ എളിയ നാളുകളില്‍
എന്‍ കിളിര്‍ നാംബടര്‍ത്തിയവര്‍ക്ക്...!
എന്‍ കുഞ്ഞു ചിറക്
കരിച്ചെരിച്ചവര്‍ക്ക്...!
എന്‍ നഷ്കളന്കതയെ
ചൂഷണം ചെയ്തവര്‌‍ക്ക്..!
എന്‍ ചുറ്റിലും
ഭയം മാത്രം തീര്‍ത്തവര്‍ക്ക്...!
ഇനിയും,
പറഞ്ഞാല്‍ ഒടുങ്ങാത്ത-
എണ്ണിയാല്‍ എത്താത്ത-
തീര്‍ത്താല്‍ തീരാത്ത-
കടപ്പാടുകളുണ്ട്..
അതിന് പകരമായ്
ഞങ്ങള്‍ ശിഷുക്കള്‍
നിങ്ങളുടെ സ്നേഹത്തിന്ന്-
ആദരവിന്ന്-
ഒരായിരം നന്ദി....!!!
ഒപ്പം
ഈ ശിശു ദിനം സാദരം സമര്‍പ്പിക്കട്ടെ...!!!

 

2009, നവം 11

മേല്‍ക്കൂര



ഇരുട്ട് വീണ ജീവിത വഴിയിലെ
വെളിച്ചമേകുന്ന വഴി വിളക്കായ്
ഈ ടണലുകള്‍ രൂപാന്തരപ്പെടുന്നത്
ഈ കൊച്ചു കരങ്ങളിലെ കരുത്താണ്
അത്ഥം-
വരാനിരിക്കുന്ന (ജൂതരുടെ)
മഹാ നാശത്തിനുള്ള
വാരിക്കുഴികളാണവ..
ചോദ്യം-
ഇവരെ ഉള്ക്കൊള്ളാന്‍
ഈ ടണലുകള്‍ക്കാകുമോ?
ഉത്തരം-
ധാരാളം മതി 
പക്ഷ- കുഴികള്‍ ഇനിയും വേണം
വരി നില്‍ക്കുന്നവറ്‍ക്ക് കൂടി
അന്തിയുറങ്ങാന്‍
ശേഷിപ്പ്-
കൊച്ചു മക്കളെ
നിങ്ങള്‍ക്ക് തല ചായ്ക്കാന്‍
ഒരു മേല്‍കൂര ഒരുങ്ങും
ഒച്ചയും ബഹളവുമില്ലാത്ത-
മേല്‍ക്കൂര.

2009, നവം 6

ചക്കച്ചെത്ത്


ആഹ്....
ഈ മണം പരിമണം
ഈ രുചി  പരിചിതം
ഈ നിറം ഓര്‍മ്മയുടെ
ഒളിമങ്ങാത്ത നിറം.
ഈ ചെത്ത്* -
ഉമ്മയുടെ കൈ മെയുക്കില്‍
തീര്‍ന്ന മനോഹര ചെത്ത് ഇതില്‍ ഊറുന്ന തേനിന്ന്
ഇന്നും എന്റെ നാവില്‍  
ഊറുന്ന അതേ രുചി.
ഈ ചുളകള്‍
എന്റെ ഓറ്‍മ്മകളുടെ മടക്കുകള്‍  


( * ചക്കകഷ്ണം)

2009, നവം 4

കട്ടിലാട്ടം

ഞാന്‍ മേലെ അവന്‍ താഴെ..
പക്ഷേ കിലുക്കം ആര്‍ക്കും സഹിക്കുമോ..? അതും ഈ നട്ട നേരത്ത്..!!
എത്ര ശ്രമിച്ചിട്ടും കുലുക്കം ജോര്‍ തന്നെ..
കാലും തലയും തൊടാത്ത-
പുതപ്പ് എന്നെതന്നെ നോക്കുന്നു..
നൈരാശ്യത്തോടെ..ഗദ്ഗദത്തോടെ..
പാവം ഈ ഞാനും..
എന്റെ പുതപ്പും
ചെരുപ്പിനനുസരിച്ച് കാല്-
മുരിക്കാനൊക്കുമോ?
അല്ലേലും ഈ ഗള്‍ഫീന്ന്...
അന്ന് ആരുടെയോ മൊബൈല്‍-
റിംഗ് ചെയ്തത് എനെറ മഹാ ഭാഗ്യം..


2009, നവം 3

വഴിവിളക്ക് തെളിയുന്നു

കാലം അതിന്റെ  പണി ചെയ്യുന്നു ... അതില്‍ സന്ദര്‍ശകരായ നാം പലതും കണ്ടും കേട്ടും അറിഞ്ഞും അറിയാതെയും കഴിഞ്ഞു പോകുന്നു ... ചിലര്‍ ലകഷ്യ ബോധത്തോടെ ... മറ്റു ചിലര്‍ അതില്ലാതെ... ഇവിടെ കഴിയുന്ന നിമിഷങ്ങള്‍ ആഘോഷിക്കുന്നവരും വേദനയോടെ എറിഞ്ഞു തീരുന്നവരും എല്ലാം  കനല്‍ കാഴ്ച്ചകലായ്‌ ‌ നില്‍ക്കുന്നു... ആഘോഷവും വേദനയും കനലായ്‌ തീരുന്നതെങ്ങിനെ..?  രണ്ടും രണ്ടു ദ്രുവങ്ങളിലും.!! ഇതിനെ മറ നീക്കി കാട്ടി തരുന്നു വഴിവിളക്കുകള്‍ .... സന്ദേശത്തിന്റെ ആള്‍ രൂപമായ്‌ അവ  തല ഉയര്‍ത്തി നില്‍ക്കുന്നു ... അഭിമാനത്തോടെ ... സോല്‍പ്പം അഹന്ധയോടെ ..!

ഈ ഇടത്തില്‍ ഞാന്‍ പലതും കുറിക്കും ... ജീവിത വഴിയിലെ അനുഭവമായ്‌ ... കെടാ വിളക്കായ്‌ അത് നില്‍ക്കണം...
ഇതിനു പ്രതികരനമെകി നിങ്ങള്‍ കൂടെ ഉണ്ടാകുമല്ലോ ? പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം മണിമല
( ലിപികളിലെ തെറ്റുകള്‍ ക്ഷമിക്കണേ ...)