സ്വാഗതം...കൂട്ടുകാരെ...

ജ്വലന വേഗം കുറഞ്ഞപോലെ...തമസ്സിന് വേഗവും...ചെറിയൊരു തിരി കൊളുത്താനുള്ള എളിയൊരു ശ്രമമാണിത്...ഈ വെട്ടത്തിന്ന് വട്ടം കൂടാനെത്തിയ കൂട്ടുകാര്‍ക്ക് സ്വാഗതം...jafmanimala@gmail.com

2010, ഓഗ 9

റമദാന്‍ - ലക്ഷ്യവും താല്പര്യവും


             റമദാന്‍ (رمضان) അഥവാ കരിച്ചു കളയുന്നത് എന്നാണ് ഈ പദത്തിനര്ത്ഥം.ജീവിത യാത്രയിലെ പല സന്ദര്ഭങ്ങളിലും നാം മനുഷ്യര്‍ പലപ്പോഴും ഇടറിപ്പോകാറുണ്ട്. സ്വേഷ്ട പ്രകാരം ചെയ്തു കൂട്ടുന്ന പല തിന്മകളും നമ്മുടെ വ്യക്തിത്വത്തെയും, സംസ്ക്കാരത്തെയും മലീമസമാക്കാറുണ്ട്. അറിഞ്ഞോ അറിയാതെയോ ചെയ്തു കൂട്ടുന്ന ഇത്തരം പാപങ്ങളില്‍ നിന്ന് മനസ്സിനെ മുക്തമാക്കുക എന്നതാണ് ഉദ്ധേശം. അതിനര്ത്ഥം വിപരീതമല്ല എന്ന് പ്രത്യേകം തിരിച്ചറിയണം.പതിനൊന്ന് മാസം തിന്മയിലധിഷ്ഠിതമായി ജീവിക്കുകയും, ഈ പ്രത്യേക മാസത്തില്‍ തിരിച്ചു വരികയും ചെയ്യുക  എന്നത് ബൌദ്ധികമല്ല തന്നെ. അത് അംഗീകരിക്കപ്പെടുകയുമില്ല. കാരണം വ്യക്തമാണ്. അറിവിനെ അജ്ഞതയാക്കി എന്നത് തന്നെ പ്രധാന കാരണം. ഹൃദയ ശുദ്ധിയാണല്ലോ എല്ലാ കര്മ്മങ്ങളുടെയും കൃത്യത ഉറപ്പു വരുത്തുന്നത്. അതിനാല്‍ കളകള്‍ പറിച്ച് കരിച്ചു കളയുക എന്നതാണ് പ്രായോഗികമായ സംസ്കരണത്തിന്റെ ആദ്യ പടി. അഥവാ അങ്ങേ അറ്റത്തെ ആത്മ നിയന്ത്രണം. അതാണ് നോമ്പിലൂടെ കൊണ്ടു വരേണ്ടത്. കഴമ്പില്ലാത്ത് വ്രതത്തിന്  ഫലവും കിട്ടില്ലെന്നത് ആദ്യമെ തിരിച്ചറിയം എന്നത് പ്രവാചക അധ്യാപനമാണ്.
          മാസങ്ങളില്‍ ഏറ്റവും പുണ്ണ്യമായി ഈ മാസത്തെയാണ് മുസ്ലിം ലേകം കാണുന്നത്. സവിശേഷമായ അനവധി ആരാധനാ വൈശിഷ്ട്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ മാസം.വിശുദ്ധിയുടെ നിറവാണ് ഈ മാസത്തിന്റെ പ്രത്യേകത.മറ്റു മാസങ്ങളെ അപേക്ഷിച്ച് ഹീനമായ ചിന്തകളില്‍ നിന്ന് തീര്ത്തും മുക്തമായ മനസ്സും, ശരീരവും ആയിരിക്കും വിശ്വസിയുടെത് എന്നത് എടുത്തു പറയത്തക്കതാണ്. ആത്മ നിയന്ത്രണത്തിന്ന് ഏറ്റവും പാകമായ മനസ്സ് വിശ്വാസികളെക്കാള്‍ മറ്റുള്ളവര്ക്ക് ലഭിക്കുമോ എന്നതും ചിന്തനീയമാണ്. കൃത്യമായ ആരാധനയിലൂടെ കൈവരുന്ന ആത്മ സുഖം വിശ്വാസിയുടെ മാത്രം പ്രത്യേകതയാണ്. യോഗയിലൂടെയോ മറ്റോ ലഭിക്കുന്ന താല്ക്കാലിക സമാധാനത്തെക്കാള്‍, ശ്വാശ്വതമായ മന സംതൃപ്തി ലഭിക്കുന്ന വിഭാഗവും വിശ്വാസികള്‍ തന്നെ. അതിനാല്‍ പലപ്പോഴും പ്രശ്ന കലുശിതമായ സാഹചര്യങ്ങളില്‍ കാലിടറാതിരിക്കുന്നതും, യുക്തമായ തീരുമാനങ്ങെളുക്കാന്‍ കഴിയുന്നതും ഈ വിശ്വാസത്തിന്റെ മാറ്റാണ്.
         പട്ടിണിയുടെ മത നിഷ്കര്ഷയാണ് റമദാന്‍ എന്ന് പലരും കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ കൃത്യമായ അറിവ് ഈ വിഷയകമായി ഇല്ലാത്തത് കൊണ്ടാണത്. വിമര്ശകരില്‍ പോലും പലരും നോമ്പിന്റെ ഗുണ വശം മനസ്സിലാക്കിയവരാണ്.പക്ഷെ നര ബാധിച്ച ചിന്തയും, പക്ഷ പാതപരമായ പിടിച്ചു വലികളും അവരെ കൊണ്ട് പറയിപ്പിക്കുന്നു എന്നത് ഖേദകരമാണ്. മത പഠനം ഇല്ലാത്ത പല വൈദ്യ ശാസ്ത്രജ്ഞരും, അനുഭവത്തിന്റെ പിന്ബലമുള്ള ഇതര മതസ്ഥരും ഇന്നും ഇസ്ലാമിലെ വ്രതമനുഷ്ഠിക്കുന്നു എന്നത് നാം കാണുന്നു. അതിനാല്‍ ഇത് ന്യായീകരിക്കപ്പെടണം എന്നല്ല അതിനത്ഥം. മറിച്ച് നേമ്പിന്റെ ഗുണത്തെ കുറിച്ചും, പ്രായോഗിക രീതികളെ കുറിച്ചും പഠിക്കണം എന്നതാണ് താല്പര്യം. മത അനുയായികളില്‍ പലരും നോമ്പനുഷ്ടിക്കുന്നുണ്ട്. പക്ഷെ, നിയന്ത്രണങ്ങളോ, നിയമങ്ങളോ പാലിക്കപ്പെടുന്നില്ല എന്നതിനാല്‍, വ്രതത്തിന്റെ ഗുണം ഇത്തരക്കാര്ക്ക് ലഭ്യമല്ല എന്നതും മനസ്സിലാക്കപ്പെടണം.പ്രഭാതം മുതല്‍ പ്രദോശം വരെ പട്ടിണി കിടക്കുക എന്നതിനെക്കാളുപരി, അനുഭവിക്കുന്ന സ്വേഛയോടുള്ള സമരത്തില്‍ നിന്ന് പാഠം ഉള്ക്കൊള്ളുക എന്നതാണ് ധര്മ്മം.ശാരീരിക പീഠനമല്ല ,മറിച്ച് മനസ്സിനെയും, ശരീരത്തെയും ധര്മ്മീക മൂല്യാധിഷ്ഠിതമായി പരിചയിപ്പിക്കുകയും, പാകപ്പെടുത്തുകയും ചെയ്യുക എന്നതാണ് നോമ്പിന്റെ തേട്ടം.
           കര്മ്മ നിരതമായ രാപ്പലുകളാണ് റമദാന്‍ വിഭാവനം ചെയ്യുന്നത്. വാചീകവും, കാര്മ്മികവുമായ ആരാധനകളാണ് അതിന്റെ ആത്മാവ്. നിര്മ്മലവും ധന്യവുമായ നിമിഷങ്ങളില്‍ പൈശാചിക പ്രേരണകളുണ്ടാവില്ല എന്ന വിശ്വാസവും മതിപ്പു വര്ദ്ധിപ്പിക്കുന്നു.ഒന്നിനു പത്തായി കര്മ്മഫലങ്ങള്‍ രേഖപ്പെടുത്തുന്നുവെന്നതും പ്രതീക്ഷാവഹമാണ്. അന്യനോട് അനുഭാവ പൂര്ണ്ണമായ സമീപനത്തിന്റെ രീതി ശാസ്ത്രമാണ് ധാന ദര്മ്മങ്ങള്‍.ഇത് ഈ മാസത്തില്‍ മാത്രം ചെയ്യേണ്ട ഒന്നല്ല.എങ്കിലും മേല്‍ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലേച്ഛയാണ് ഈയവസരത്തില്‍ കൂടുതല്‍ ചെയ്യാന്‍ പ്രേരിതമാക്കുന്നത്. നോമ്പ് തുറയുടെയും, തുറപ്പിക്കലിന്റെയും കൃത്യതയും ബാധ്യതയും ദ്യോതിപ്പിക്കുന്ന ഗുണങ്ങള്‍ അനവധിയാണ്. ആരാധനാ കര്മ്മങ്ങളില്‍ പൂര്ണ്ണത കൈവരുന്നത് അന്യരുടെ ദുഖവും കൂടി അറിയുമ്പോളാണ്. ഇത് കൊണ്ടാണ്, സമൂലമായ മാറ്റം ഉള്ക്കൊള്ളാന്‍ കഴിയുന്ന സാഹചര്യവും, ചുറ്റു പാടുകളും റമദാന്‍ പ്രധാനം ചെയ്യുന്നു എന്ന് പറയുന്നതും.
        സഹനത്തിന്റെയും, ക്ഷമയുടെയും, ഔദാര്യത്തിന്റെയും, വിട്ടു വീഴ്ച്ച മനോഭാവം തുടങ്ങി മനുഷ്യരില്‍ ഉണ്ടാവേണ്ട സകല നന്മകളുടെയും പരിശീലന കളരി കൂടിയാണ് റമദാന്‍.ഉള്ക്കൊള്ളുന്ന ആദര്ശം നെഞ്ചേറ്റുവാനുള്ള ചങ്കൂറ്റം എത്രത്തോളമെന്നത് ഈ മാസത്തിലൂടെ ദര്ശനീയമാണ്. ഇസ്ലാമിലെ മാതൃകാപരമായ ആരാധനയാണ് വ്രതം.മറ്റു ആരാധനാ രീതികളിലും സമാനമായ ഒട്ടനവധി പാഠങ്ങള്‍ നമുക്കു കാണാം.ഭക്ഷണ പാനീയങ്ങളിലെ നിയന്ത്രണം ശാരീരികമായി നമ്മെ പാകപ്പെടുത്തുംമ്പോള്‍, ആരാധനകള്‍ ആത്മാവിനെയും പാകപ്പെടുത്തുന്നു.ചിലരെങ്കിലും രാത്രി ഭക്ഷണത്തിലും നിയന്ത്രണങ്ങള്‍ കാണുംബോള്‍, മറ്റു ചിലര്‍ പകലിലെതും കൂടി വലിച്ചകത്താക്കുന്നു എന്നത് ശ്രദ്ധിക്കപ്പെടെണ്ടതുണ്ട്. 
             വരവായി റമദാനിലെ പുണ്ണ്യ രാവുകള്‍.പ്രാര്ത്ഥനാ നിര്ഭരമായ രാവുകളാല്‍ നാം അനുഗ്രഹിക്കപ്പെടുന്നു.  നമ്മുടെ ഒരുക്കം വിജയത്തിനായിരിക്കട്ടെ.കൃത്യമായി ഈ മാസത്തെ ഉള്ക്കൊള്ളാനും   ഉപയോഗപ്പെടുത്താനും വിശ്വായികള്ക്ക് സാധ്യമാകട്ടെ എന്നാശംസിക്കുന്നു.
               Visit :-  www.jmanimala.blogspot.com