സ്വാഗതം...കൂട്ടുകാരെ...

ജ്വലന വേഗം കുറഞ്ഞപോലെ...തമസ്സിന് വേഗവും...ചെറിയൊരു തിരി കൊളുത്താനുള്ള എളിയൊരു ശ്രമമാണിത്...ഈ വെട്ടത്തിന്ന് വട്ടം കൂടാനെത്തിയ കൂട്ടുകാര്‍ക്ക് സ്വാഗതം...jafmanimala@gmail.com

2010, ഒക്ടോ 19

മുദ്ര

 
കോണി വെച്ചു കയറുന്നതാണ്
ഉത്തമമെന്ന് ഉമ്മ,
കൈപ്പടയില്ലാതെ നടക്കില്ലല്ലോ
എന്ന് ഉപ്പ,
അരിവാളാല്‍ അരിയപ്പെടാനെ
ഇവയുള്ളുവെന്ന് ഇക്ക,
സാമൂഹിക പ്രതിബദ്ധതയുടെ
ചിഹ്നങ്ങളെ വികൃതമാക്കരുതെന്ന്
ഞാന്‍,
നൈതികതയുടെ പുതിയ
മേച്ചില്‍ പുറങ്ങളാണഭയമെന്നെന്‍റെ
അനുജന്‍,
ഒരു പകല്‍ കത്തിത്തീര്‍ന്നപ്പോഴേക്കും
ഞങ്ങളൊന്നിച്ചു
ചൂണ്ടു വിരലിലെ മഷിയടയാളം
മായാത്ത നീതിയുടെ മുദ്രയാക്കാന്‍..

2010, ഒക്ടോ 3

ശേഷിപ്പ്.....


താരാട്ടിന്‍റെ കിലുകിലം പാട്ടുകള്‍
മാതൃത്വത്തിന്‍റെ തൂവല്‍ സ്പര്‍ശങ്ങളാണ്
അമൃതിന്‍റെ അധര വിരുന്നുമാണ്..

ചുറ്റുപാടുകളുടെ ആളനക്കവും
കുട്ടി കുസൃതികളും
വളര്‍ച്ചയുടെ നല്ല ഓര്‍മ്മകളാണ്...

പ്രവാസ മുറിക്കുള്ളില്‍
മാതൃത്വവും ,കുട്ടിത്ത്വവും
ഉറഞ്ഞു തീരുന്നു...

പിതൃത്വത്തിന്‍റെ ലാളനങ്ങള്‍ക്കു മുമ്പെ
കൂര്‍ക്കം വലിയില്‍
വിറങ്ങലിക്കുന്ന കുഞ്ഞു കിനാക്കള്‍..

ഇടുങ്ങിയ മുറിക്കുള്ളിലെ
മങ്ങിയ വെളിച്ചവും
പിക്ച്ചര്‍ ട്യുബുകളില്‍ നിന്നുയരുന്ന
അലര്‍ച്ചകളും
എയര്‍കണ്ടീഷന്‍റെ മുരള്‍ച്ചയും
കുഞ്ഞു കിനാക്കളെ അകറ്റി നിര്‍ത്തുന്നു

അപ്പോഴും മാതൃത്വത്തിന്‍റെ
ചൂട് മാത്രം സാന്ത്വനം...

മരു യാത്രികന്‍റെ
മരീചിക -പ്രതീക്ഷകള്‍ പോലെ
കത്തിയമരുന്ന ദിനങ്ങള്‍ക്കപ്പുറം
സ്വതന്ത്ര വിഹാരത്തിനായുള്ള കാത്തിരിപ്പ്...

അറിഞ്ഞു വളരേണ്ട
കുട്ടിക്കാലങ്ങള്‍ക്ക് വീണ
വിലങ്ങിന്നുത്തരവാദിയാരാണ്...?

പ്രവാസ ജീവിതത്തിന്‍റെ ഉരക്കല്ലുകളില്‍
തയഞ്ഞു തീരുന്ന സ്പന്ദനങ്ങള്‍ക്ക്
ചോരയുടെ മണമുണ്ടെന്നതിന്ന്
പ്രവാസത്തിന്‍റെ മതില്‍ കെട്ടുകള്‍
സാക്ഷിയാണ്....

നെഞ്ചിടിപ്പുകള്‍ വീര്‍ത്തു നേര്‍ത്ത
പ്രവാസ സായാഹ്നത്തിന്‍റെ
നെഞ്ചിലെ കോലുകള്‍
ഇനിയൊന്നിനും അളവു കോലുകളുമല്ല...!!
നല്ലയുറക്കത്തിന്ന് 
നേരമായിരിക്കുന്നു...